മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മന്ത്രാലയം: ചെയ്യാൻ ഉറപ്പിച്ച കാര്യമേ പറയുവെന്നും രാഹുലിന്‍റെ വാഗ്ദാനം

തൃപ്രയാർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ നാഷ്ണൽ ഫിഷർമെൻ പാർലമെന്‍റ് തൃപ്രയാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താൻ ഒരു കാര്യം പ്രസംഗത്തിൽ പറയുന്നുണ്ടെങ്കിൽ അത് ചെയ്യാൻ തീരുമാനിച്ചുറപ്പിച്ച ശേഷം മാത്രമേ പറയുകയുള്ളു. അതുകൊണ്ട് തന്നെ ഇത് എന്‍റെയും കോൺഗ്രസ് പാർട്ടിയുടേയും ഉറപ്പാണെന്നും മന്ത്രാലയം നൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ശ്രീലങ്കൻ നേവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, മത്സ്യത്തൊഴിലാളികൾ അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്‌നങ്ങളെല്ലാം ഇവിടെ ചർച്ചയാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധി ഇന്ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജനമഹാറാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്‍റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അടക്കമുള്ള നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.