മദ്യ വിൽപ്പന പൊടിപൊടിക്കും, മദ്യം ഒഴുക്കാൻ 91 ഔട്ട്ലെറ്റുകൾ കൂടി

തിരുവനന്തപുരം/ ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണ കാലത്ത് പൂട്ടിയ ഔട്ട് ലെറ്റുകൾ ഉൾപ്പെടെ 91 പുതിയ വിദേശ മദ്യ ഷോപ്പുകൾ കൂടി പിണറായി സർക്കാർ തുറക്കുന്നു. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി കേരളത്തിൽ മുൻപൊരിക്കലുമുണ്ടായിട്ടില്ലാത്ത രീതിയിൽ വിദേശ മദ്യം ഒഴുകുമെന്നു ഇതോടെ ഉറപ്പാവുകയാണ്. സംസ്ഥാന സർക്കാരിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ മദ്യക്കച്ചവടത്തിലൂടെ പരമാവധി പണമോഹം ആണ്

സംസ്ഥാനത്ത ഇന്ന് ഐടി പാർക്കുകളിലടക്കം എവിടെ ആവശ്യപ്പെട്ടാലും ബാർ ലൈസൻസ് നൽകുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. പുതിയ ഔട്ട് ലെറ്റുകൾ തുറക്കുമ്പോൾ പ്രീമിയം കൗണ്ടറുകൾ തുറക്കാൻ ബിവറേജസ് കോർപ്പറേഷൻ നേരത്തെ അനുമതി തേടിയിരുന്നു. സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‍ലെറ്റുകളേയും സൂപ്പർ മാ‍ർക്കറ്റ് മാതൃകയിൽ വിൽപ്പന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞിട്ടുണ്ട്.

ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതി മാറും. ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം മദ്യം തെരഞ്ഞെടുക്കാവുന്ന വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങുകയാണ്. പുതിയ മദ്യ നയത്തിന്റെ ഭാഗമായി കൺസ്യൂമർ ഫെഡിന്റെ പൂട്ടിപ്പോയ പത്ത് ഔട്ട് ലെറ്റുകൾ തുറക്കുന്നതിനുള്ള ഉത്തരവ് ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പത്ത് ഔട്ട് ലെറ്റുകളാണ് വാക്ക് ഇൻ കൗണ്ടറുകളായി തുറക്കാൻ ശ്രമിക്കുന്നത്.

മെയ് 17 നാണ് സംസ്ഥാനത്തെ അടച്ചു പൂട്ടിയ മദ്യശാലകൾ തുറക്കാൻ സർക്കാർ ഉത്തരവിട്ടത്. യുഡിഎഫ് സർക്കാരിൻറെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം മൂലവും ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യവിൽപനശാലകളാണ് വീണ്ടും തുറക്കുന്നത്. 68 മദ്യശാലകളാണ് നേരത്തെ അടച്ചുപൂട്ടിയത്. സംസ്ഥാന സർക്കാരിൻറെ പുതിയ മദ്യനയത്തിൻറെ ഭാഗമായാണ് മദ്യശാലകൾ വീണ്ടും തുറക്കാനുള്ള തീരുമാനം എന്നതാണ് ശ്രദ്ധേയം. പൂട്ടിപ്പോയ 68 ഷോപ്പുകൾക്കൊപ്പം പുതിയ ഷോപ്പുകളും ചേർത്താണ് 91 ഔട്ട്ലെറ്റുകൾ തുറക്കാൻ പോകുന്നത്.