എന്‍റെ വസ്ത്രങ്ങൾ അവർ വലിച്ചുകീറി; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; പൊള്ളാച്ചി ഗ്യാങ് റേപ്പിനിരയായ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ചെന്നൈ: “എന്‍റെ വസ്ത്രങ്ങൾ അവർ വലിച്ചു കീറി.. അതിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.. നഗ്നത മറച്ച് നിലവിളിച്ചതോടെ അവർ എന്നെ നടുറോഡിലേക്ക് വലിച്ചെറിഞ്ഞു… അവർ നാലു പേർ ചേർന്ന് എന്‍റെ സ്വർണ മാലയും കവർന്നു. ‘ തമിഴ്നാടിനെ ഞെട്ടിച്ച പൊള്ളാച്ചി ഗ്യാങ് പീഡനക്കേസിലെ ഇരയുടെ വാക്കുകളാണിവ. ഒരു തമിഴ് പത്രത്തോടാണ് പത്തൊൻപതുകാരിയായ പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്.

പൊലീസ് അന്വേഷണം മുറുകുന്ന കേസിൽ പ്രതികൾ 200 ലേറെ പെൺകുട്ടികളെ പീഡിപ്പിച്ചതായിട്ടാണ് വിവരം. രാജ്യം കണ്ടതിൽവച്ച് ഏറ്റവും ക്രൂരമായ പീഡനങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. ഭയവും മാനഹാനിയും മൂലം പലരും വിവരം പുറത്തു പറയാൻ മടിക്കുകയാണ്. സംഭവം രാഷ്ട്രീയ വിവാദമായതോടെ തമിഴ്നാട്ടിൽ വൻ പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്.

കേസിൽ തിരുനാവക്കരശ്, ശബരീരാജൻ, സതീഷ്, വസന്തകുമാർ എന്നീ പ്രതികൾക്കു പിന്തുണയുമായി ‘ബാർ’ നാഗരാജ് എന്നറിയപ്പെടുന്ന അണ്ണാഡിഎംകെ പ്രവര്‍ത്തകനും ചേർന്നതോടെയാണ് പ്രശ്നം രാഷ്ട്രീയപരമായും വിവാദമായത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാൽത്തന്നെ വിഷയം ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഏറ്റെടുത്തു കഴിഞ്ഞു.

എന്നാൽ ആദ്യം പരാതി നൽകിയ പത്തൊൻപതുകാരി ഒഴികെ ആരും ഇതുവരെ പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല. കേസ് അന്വേഷിക്കുന്ന തമിഴ്നാട് സിബിസിഐഡി ഉദ്യോഗസ്ഥർ ഈ ഘട്ടത്തിലാണ് പീഡനത്തിനിരയായവർ മുന്നോട്ടു വരണമെന്ന് അഭ്യർഥിച്ചത്. എന്നാൽ കേസ് കൈകാര്യം ചെയ്ത രീതിയിലെ പാളിച്ചകളും പ്രതികളുടെ കൂട്ടാളികളുടെ ഭാഗത്തു നിന്നുള്ള ഭീഷണിയും കാരണമാകണം ആരും സഹകരിക്കുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പൊള്ളാച്ചിയിൽ നടന്ന പെൺകുട്ടികളുടെ ആത്മഹത്യകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനു പിന്നിലും ബ്ലാക്ക്മെയിൽ സംഘമാണോയെന്നാണു പരിശോധന.

അറസ്റ്റിലായ ശബരീരാജൻ വാട്സാപ് സന്ദേശങ്ങളിലൂടെയാണ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്. സ്കൂളിൽ പെൺകുട്ടിയുടെ സീനിയറായിരുന്നു ഇയാൾ. പെൺകുട്ടിയുടെ സഹോദരനും അടുത്തറിയാം. ഫെബ്രുവരി 12നായിരുന്നു കേസിന് ആസ്പദമായ സംഭവം. അത്യാവശ്യ കാര്യമുണ്ടെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ പെൺകുട്ടിയെ പൊള്ളാച്ചിയിലെ ഒരു ബസ് സ്റ്റോപ്പിലേക്കു വിളിച്ചത്. എല്ലാവർക്കും അറിയാവുന്ന സ്ഥലമായതിനാൽ പെൺകുട്ടി പറഞ്ഞ സ്ഥലത്തെത്തി. അവിടെ ശബരീരാജൻ കാത്തുനിൽപ്പുണ്ടായിരുന്നു. കാറിൽ പോകാമെന്നും യാത്രയ്ക്കിടെ സംസാരിക്കാമെന്നും പറഞ്ഞ് പെൺകുട്ടിയെ ഒപ്പം കൂട്ടി. പരിചയമുള്ള ഒരു റസ്റ്ററന്‍റിൽ ഭക്ഷണം കഴിക്കാമെന്നു പറഞ്ഞാണു പോയതെങ്കിലും വണ്ടി അവിടവും കടന്നു പോയപ്പോൾ പെൺകുട്ടിക്ക് സംശയമായി. എതിർത്തപ്പോൾ മർദിച്ചു. അതിനിടെ അതുവഴി പോയ രണ്ട് ബൈക്ക് യാത്രികർ ഇതു കണ്ടതോടെ പെൺകുട്ടിയെ റോഡിലേക്കു വലിച്ചെറിയുകയായിരുന്നുവെന്നാണ് മൊഴി.

പിന്നാലെ തിരുനാവക്കരശും വസന്തകുമാറും ശബരീരാജനും പെൺകുട്ടിക്ക് മെസേജുകൾ അയയ്ക്കാന്‍ തുടങ്ങി. ശബരീരാജനൊപ്പമുള്ള കാറിലെ ദൃശ്യങ്ങൾ ഇന്‍റര്‍നെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. സഹികെട്ടപ്പോൾ വിവരം സഹോദരനോടു പറയുകയായിരുന്നു. ഫെബ്രുവരി 16ന് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്നു ശബരീരാജനെ പിടികൂടി മർദിച്ചതോടെയാണു തമിഴ്നാടിനെ നടുക്കിയ പെൺവാണിഭ സംഘത്തിന്‍റെ വിവരങ്ങൾ പുറത്തുവരുന്നത്.

നൂറോളം വിഡിയോകൾ ഫോണിലുണ്ടായിരുന്നുവെന്നാണ് പെൺകുട്ടിയുടെ സഹോദരൻ പറയുന്നത്. എല്ലാ വിഡിയോയിലും സതിഷ് ഉണ്ടായിരുന്നു. 10-12 പെൺകുട്ടികളാണ് എല്ലാ വിഡിയോയിലുമായി ഉണ്ടായിരുന്നത്. ഏതാനും വർഷങ്ങളായി സംഘം ഈ ‘ബ്ലാക്ക്മെയിൽ പീഡനം’ തുടരുകയായിരുന്നെന്നും തെളിഞ്ഞു. ഇതോടെയാണ് തങ്ങളുടെ കയ്യിലകപ്പെട്ടത് പെൺവാണിഭ സംഘത്തിലെ വൻ കണ്ണികളാണെന്നു വ്യക്തമായത്. പ്രതികളിൽ ഒരാൾ തന്നെ പുറത്തുവിട്ട വിഡിയോയിൽ നിന്നും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. പല ദൃശ്യങ്ങളും പ്രതികള്‍ മായ്ച്ചു കളഞ്ഞു. ഇവ വീണ്ടെടുക്കാൻ ഫൊറൻസിക് വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ്.