Home kerala സര്‍ക്കാരിന് തിരിച്ചടി; നിയമസഭാ കയ്യാങ്കളിക്കേസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി

സര്‍ക്കാരിന് തിരിച്ചടി; നിയമസഭാ കയ്യാങ്കളിക്കേസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി

കൊച്ചി: നിയമസഭ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസ് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയ ഹൈക്കോടതി മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും നാളെ വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. പൊതുമുതല്‍ നശിപ്പിച്ചു എന്ന പേരിലാണ് ഇരുവര്‍ക്കുമെതിരെ കേസുള്ളത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന് നിയമസഭാ കയ്യാങ്കളിയില്‍ രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സ്പീക്കറുടെ ഡയസില്‍ കയറിയ പ്രതിപക്ഷം കസേരകളും കംപ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും തകര്‍ക്കുകയായിരുന്നു.

പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് പ്രതിപക്ഷം ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയത്. കേസില്‍ അന്നത്തെ എംഎല്‍എമാരായിരുന്ന ഇപി ജയരാജനും കെടി ജലീലിനുമെതിരെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

മന്ത്രിമാര്‍ അടക്കം ആറ് പേരാണ് കേസില്‍ പ്രതികള്‍. വി ശിവന്‍കുട്ടിയും പ്രതിപ്പട്ടികയിലുണ്ട്. മാണിക്കെതിരെ പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷം അന്ന് സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. പിന്നീട് ഇടത്പക്ഷം അധികാരത്തില്‍ വന്നതോടെ ഇവര്‍ക്കെതിരായ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നുവെന്ന് ആരോപണമുണ്ട്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും കേസ് റദ്ദാക്കാനാകില്ലെന്നും വിചാരണ നടപടികള്‍ തുടരണമെന്നുമുള്ള നിര്‍ദേശമാണ് വിചാരണ കോടതി മുന്നോട്ടു വെച്ചത്. മന്ത്രിമാരോട് നാളെ കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിചാരണ കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കാനാകില്ലെന്ന തീരുമാനത്തിനെതിരേ അപ്പീലും നല്‍കി.

അപ്പീല്‍ ഹര്‍ജിയില്‍ അടുത്ത ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി വിചാരണ കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളുകയായിരുന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയതോടെ കേസില്‍ കെ അജിത്, കെ കുഞ്ഞുമുഹമ്മദ്, സികെ സദാശിവന്‍, വി ശിവന്‍കുട്ടി എന്നിവര്‍ ഈ മാസം ആദ്യം ജാമ്യം നേടിയിരുന്നു.