കമൽ ഹാസനെ വിമർശിച്ച ചിന്മയിക്ക് പിന്തുണയുമായി കൂടുതൽ പേർ രംഗത്ത്, ‘സ്‌നേഹവും പോരാട്ട വീര്യവും കരുത്തും ചിന്മയിക്ക് പകർന്നു നൽകുന്നു’ – ഗായിക സോന മോഹപത്ര

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായെത്തിയ കമൽ ഹാസനെ വിമർശിച്ച് കൊണ്ട് രംഗത്ത് വന്ന ഗായിക ചിന്മയി ശ്രീപദക്ക് പിന്തുണ അറിയിച്ച് ഗായികമാർ അടക്കം നിരവധിപേർ രംഗത്ത്. പീഡകന്റെ പേര് തുറന്നു പറഞ്ഞതിനാൽ അഞ്ച് വർഷമായി താൻ നരിടുന്ന വിലക്കിനെതിരെ ഒരിക്കലെങ്കിലും കമൽഹാസൻ ശബ്ദിച്ചിട്ടുണ്ടോ എന്ന് ചോദിച്ചായിരുന്നു ചിന്മയി രംഗത്ത് വന്നിരുന്നത്.

സാമൂഹ്യ മാധ്യമങ്ങളിൽ ചിന്മയിക്ക് ഐക്യദാർണ്ഡ്യം പ്രഖ്യാപിച്ചെത്തുകയാണ് മറ്റ് ഗായകരും ആരാധകരും ഇപ്പോൾ. ഗായിക സോന മോഹപത്രയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ആണിപ്പോൾ ഇതിൽ ഏറെ ശ്രദ്ധ നേടുന്നത്. ‘സ്‌നേഹവും പോരാട്ട വീര്യവും കരുത്തും ചിന്മയിക്ക് പകർന്നു നൽകുന്നു’ എന്നാണ് സോന കുറിച്ചിരിക്കുന്നത്.

ഇതിനോടകം തന്നെ ഗായികയുടെ പോസ്റ്റ് ചർച്ചയായി. നിരവധി പേർ പിന്തുണയറിയിച്ചു രംഗത്ത് വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് കമൽ ഹാസൻ പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തിരുന്നത്. ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത് 2018ൽ ആണ്. ഇതിനെ തുടർന്ന് സൗത്ത് ഇന്ത്യൻ സിനി ടെലിവിഷൻ ആർട്ടിസ്റ്റ്സ് ആൻഡ് ഡബ്ബിങ് യൂണിയൻ ചിന്മയിയെ സിനിമയിൽ നിന്ന് വിലക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി ഈ വിലക്ക് തുടരുകയാണ്. എന്നാൽ ഇതേ പറ്റി ഇതുവരെ കമൽ ഹാസൻ ഒരക്ഷരം പറഞ്ഞിട്ടില്ല. ആ കമലാണ് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത് എന്നാണ് ചിന്മയി ആരോപിച്ചിരുന്നത്. ‘ഒരു പീഡകന്റെ പേര് വെളിപ്പെടുത്തിയതിന്റെ പേരിൽ തമിഴ്നാട്ടിൽ ഒരു ഗായിക കഴിഞ്ഞ അഞ്ച് വർഷമായി നേരിട്ടു കൊണ്ടിരിക്കുന്ന വിലക്കിനെതിരെ ഒരു ശബ്ദം പോലും കമൽ ഹാസൻ ഉയർത്തിയിട്ടില്ല. മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുമ്പോൾ സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും”? എന്നായിരുന്നു ചിന്മയി ട്വീറ്റ് ചെയ്തിരുന്നത്.