25 വർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനം, തായ് വാനിൽ സുനാമി മുന്നറിയിപ്പ്

ടോക്യോ: തായ്‌വാനില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. തായ്‌വാനില്‍ തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങൾ തകർന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനത്തിനുപിന്നാലെ തായ്‌വാനിലും ജപ്പാന്റെ തെക്കന്‍ മേഖലയിലും ഫിലപ്പീന്‍സിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

25 വർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് തായ് വാനിലേതെന്ന് റിപ്പോർട്ട് . 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കന്‍ തീരഖലയിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് തായ്‌വാന്റെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം തീരപ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ജപ്പാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പത്ത് അടിയോളം ഉയരത്തില്‍ സുനാമി ആഞ്ഞടിക്കാമെന്നാണ് മുന്നറിയിപ്പ്. ജപ്പാന്റെ ദക്ഷിണപശ്ചിമ തീരത്തേക്ക് ഇവ എത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒരടിയോളം ഉയരത്തില്‍ സുനാമി യൊനാഗുനി ദ്വീപില്‍ രേഖപ്പെടുത്തിയതായും കാലാവസ്ഥ വകുപ്പ് പറഞ്ഞു. കിഴക്കന്‍ നഗരമായി ഹുവാലിനില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി തായ്‌വാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.