വാക്‌സീന്‍ വിതരണത്തിലെ ചരിത്ര നേട്ടം കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് മോദി; അഭിനന്ദനമറിയിച്ച്‌ ലോകാരോഗ്യ സംഘടന

100 കോടി ഡോസ് കൊവിഡ് വാക്സീന്‍ വിതരണത്തിലൂടെ ഇന്ത്യക്കു ചരിത്രം രചിക്കാനായത് കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സീന്‍ നിര്‍മാതാക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സീന്‍ യജ്ഞത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കുമുള്ള നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം നൂറ് കോടി ഡോസ് വാക്സീന്‍ വിതരണം ചെയ്ത ഇന്ത്യയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന. വാക്സീന്‍ വിതരണത്തില്‍ ഇന്ത്യ നിര്‍ണായക ചുവടുവെപ്പാണ് നടത്തിയത്. ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കഠിനപ്രയത്നമില്ലാതെ ഇന്ത്യയ്ക്ക് ഈ നേട്ടം സ്വന്തമാക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും നൂറ് കോടി നേട്ടത്തിൽ ആശംസകൾ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന വാക്‌സിൻ യജ്ഞം പുതിയ ഇന്ത്യയുടെ സാധ്യതകളും പ്രാപ്തിയും ലോകത്തിന് കാണിച്ചുകൊടുത്തുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വാക്‌സിനേഷനിൽ ചരിത്രം കുറിച്ചതിന് പിന്നാലെ വലിയ ആഘോഷ പരിപാടികൾക്കാണ് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ പതാക ഉയർത്തും. ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നതിനായി പ്രധാനമന്ത്രി ഡൽഹി ആർഎംഎൽ ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു.