മ്യാന്‍മറില്‍ 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ആറ് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി. തായ്‌ലാന്‍ഡില്‍ നിന്നും മ്യാന്റിലേക്ക് തട്ടിക്കൊണ്ട് പോയ ഇന്ത്യക്കാരില്‍ 13 പേര്‍ മോചിതരായി. അതേസമയം ആറ് ഇന്ത്യക്കാരെ തായ്‌ലാന്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു. ഡാറ്റ എന്‍ട്രി ജോലി വാഗ്ദ്ധാനം ചെയ്താണ് ഇവരെ മ്യാന്‍മറിലേക്ക് തട്ടിക്കൊണ്ട് പോയത്. മോചിതരായ 13 പേര്‍ എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ട ആറ് പേരില്‍ മൂന്ന് പേര്‍ മലയാളികളും മൂന്ന് പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്.

ഇവരെ തട്ടിക്കൊണ്ട് പോയ സംഘം മ്യാവഡി എന്ന സ്ഥലത്ത് പോലീസ് സ്‌റ്റേഷന് മുന്നില്‍ ഇവരെ ഉപേക്ഷിച്ച് പോകുകയായിരുന്നു. പിന്നീട് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. വിസ ചട്ടങ്ങള്‍ ലംഘിച്ച കുറ്റത്തിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. മലയാളികളായ തിരുവനന്തപുരം സ്വദേശി നിധീഷ് ബാബു, ആലപ്പുഴ സ്വദേശി സിനാജ്, മുഹമ്മദ് എന്നിവരാണ് പോലീസ് പിടിയിലായത്. മറ്റ് മൂന്ന് പോരും തമിഴ്‌നാട് സ്വദേശികളാണ്.

ഇവരെ തിരികെ ഇന്ത്യയിലെത്തിക്കുവാന്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചു. തായ്‌ലാന്‍ഡില്‍ ഡാറ്റ എന്‍ട്രി ജോലിക്കെത്തിയ ഇന്ത്യക്കാരെ ഭീഷണിപ്പെടുത്തി സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യിപ്പിക്കുകയായിരുന്നു ഈ സംഘം. ഈ ജോലി തട്ടിപ്പ് കാരുടെ തടവില്‍ കഴിഞ്ഞവരാണ് ഇപ്പോള്‍ മോചിതാരായിരിക്കുന്നത്. ഇവര്‍ പിടിയിലായ പ്രദേശം വിമത നിയന്ത്രണത്തില്‍ ഉള്ള പ്രദേശമായതിനാല്‍ തായ് സര്‍ക്കാരിന് കാര്യമായി രക്ഷാപ്രവര്‍ത്തനം നടത്താനായിരുന്നില്ല. ഇതാണ് മോചനം വൈകിയത്.