17-കാരന്റെ ദുരൂഹമരണം ; സുഹൃത്ത് കസ്റ്റഡിയിൽ , ഷെയ്ക്ക് കുടിക്കാനാണ് പോയതെന്ന് മൊഴി

തിരുവനന്തപുരം : 17-കാരന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍-റജില ദമ്പതിമാരുടെ മകന്‍ ഇര്‍ഫാന്‍ (17) ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മരിച്ച ഇര്‍ഫാനെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയ ഫൈസല്‍ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, മയക്കുമരുന്ന് ഉപയോഗിച്ചതായി ഫൈസല്‍ ഇതുവരെ പോലീസിനോട് സമ്മതിച്ചിട്ടില്ലെന്നാണ് വിവരം.

ഷെയ്ക്ക് കുടിക്കാനായാണ് ഇര്‍ഫാനുമായി പുറത്തുപോയതെന്നാണ് സുഹൃത്തിന്റെമൊഴി. ഫൈസലിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്. സുഹൃത്തുക്കള്‍ നല്‍കിയ ലഹരിമരുന്ന് ഉപയോഗിച്ചത് കാരണമാണ് മകന്‍ മരിച്ചതെന്നായിരുന്നു ഇര്‍ഫാന്റെ മാതാപിതാക്കളുടെ പരാതി. ഇര്‍ഫാനെ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സുഹൃത്തുക്കള്‍ വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോയത്. അവശനായ നിലയില്‍ രാത്രി ഏഴുമണിയോടെ തിരികെയെത്തിച്ചു.

ഇര്‍ഫാന്‍ വീട്ടിലെത്തിയതിന് പിന്നാലെ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്നവര്‍ ലഹരിവസ്തു മണപ്പിക്കാന്‍ തന്നുവെന്നും അതിനു ശേഷമാണ് അസ്വസ്ഥതയുണ്ടായതെന്നും ഇര്‍ഫാന്‍ പറഞ്ഞിരുന്നു. ലഹരി ഉപയോഗിച്ചതായും അതിന്റെ പ്രത്യാഘാതമാകാമെന്നും ഡോക്ടറും പറഞ്ഞു.

പുലര്‍ച്ചെ രണ്ടുമണിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് ഇർഫാൻ മരിച്ചത്. അമിതമായ അളവില്‍ ലഹരിമരുന്ന് ഉള്ളില്‍ച്ചെന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെയും പ്രാഥമിക വിലയിരുത്തല്‍. ഇതുസംബന്ധിച്ച വിശദമായ അന്വേഷണം തുടരുകയാണ്. അതേസമയം, ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.