സര്‍വനാശം വിതച്ച് ഉംപുന്‍, 18 പേര്‍ക്ക് ജീവന്‍ നഷ്ടമായി, അയ്യായിരത്തില്‍ അധികം വീടുകള്‍ തകര്‍ന്നു വീണു

കൊല്‍ക്കൊത്ത/ഭുവനേശ്വര്‍: വന്‍ നാശം വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്. പശ്ചിമ ബംഗാളിലും ഒഡീഷയിലും വ്യാപക നാശമാണ് ചുഴലിക്കാറ്റ് വിതയ്ക്കുന്നത്. ഇതുവരെ 18 പേര്‍ക്ക് ജീവന്‍ നഷ്ടമായി. പശ്ചിമബംഗാളില്‍ 12 പേരും ഒഡീഷം ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ വീതവും മരിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു വീണും വൈദ്യുതി പോസ്റ്റുകള്‍ നിലം പതിച്ചുമാണ് മരണങ്ങള്‍ സംഭവിച്ചത്.

ബുധനാഴ്ച വൈകുന്നേരത്തോടെ ഉംപുന്‍ ബംഹാള്‍ തീരത്തെത്തി. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. ആറര മണിക്കൂറോളം കാറ്റ് താണ്ഡവമാടി. ഉംപുന്റെ ശക്തി കുറഞ്ഞ് വരികയാണെന്നും വൈകാതെ കൊടുങ്കാറ്റായി മാറിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. ഒഡീഷയില്‍ വന്‍ നാശം വിതച്ച കാറ്റ് ബംഗാളിലേക്ക് കടന്ന് സുന്ദര്‍ബാന്‍സ് മേഖലയിലും ബംഗാളിലെ ആറ് തെക്കന്‍ ജില്ലകളിലും നാശം വിതച്ചു.

അതേസമയം ഇത് കോവിഡിനേക്കാള്‍ വലിയ ദുരന്തമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയില്ല. തീരദേശ മേഖല പൂര്‍ണ്ണമായും തകര്‍ന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മൂന്നു തലത്തിലുള്ള നാശങ്ങളാണ് ബംഗാളില്‍ സംഭവിച്ചിരിക്കുന്നത്. ജീവനും സ്വത്തും നഷ്ടപ്പെട്ടതാണ് അതില്‍ ഏറ്റവും വലുത്. അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തകര്‍ന്നു. ഇത് സാധാരണനിലയിലേക്ക് എത്താന്‍ മാസങ്ങള്‍ വേണ്ടിവരും. ജീവിതോപാദികള്‍ നഷ്ടപ്പെട്ടതാണ് മൂന്നാമത്തെ ഘടകമെന്നും മമത പറഞ്ഞൂ. സാഗര്‍ ദ്വീപ്, രാംഗംഗ, ഹിംഗല്‍ഗഞ്ച്, തുടങ്ങിയിടങ്ങളിലാണ് ഏറ്റവും നാശനഷ്ടം. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ പലയിടത്തും വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിസ്ഥിതിയോയ മേഖലയായി സുന്ദര്‍ബന്‍സില്‍ വെള്ളപ്പൈാക്കം ഉണ്ടായി.