പണമില്ലാതെ പഠനം ഉപേക്ഷിച്ചു, 18കാരനെ ഒരു കോടി നൽകി ഭാഗ്യദേവത കടാക്ഷിച്ചു

ശ്രീകണ്ഠപുരം: പഠിക്കാന്‍ പോലും പണമില്ലാതെ അമല്‍ പാതി വഴിയില്‍ പഠനം ഉപേക്ഷിച്ചു. പണിക്ക് ഇറങ്ങി. ഒടുവില്‍ ഈ 18കാരന്റെ യാദനകളും കഷ്ടപ്പാടുകളും കണ്ട് അറിഞ്ഞ് അനുഗ്രഹിച്ചിരിക്കുക ആണ് ഭാഗ്യ ദേവത. പാതാപിതാക്കള്‍ക്കും സഹോദരിമാര്‍ക്കും കൈത്താങ്ങാകണം എന്ന അമലിന്റെ ആഗ്രഹത്തിനാണ് ഭാഗ്യ ദേവത തുണയായത്. ഇനി അമലിന് ധൈര്യമായി പഠിക്കുകയും ചെയ്യാം.

കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് അമലിന് ലഭിച്ചത്. പയ്യാവൂര്‍ കുന്നത്തൂര്‍ പാടിയിലെ ചെരുവുകാലായില്‍ വര്‍ഗീസ് – ലിസി ദമ്പതിമാരുടെ മകനാണ് അമല്‍. ചന്ദനക്കാം പാറ ചെറുപുഷ്പം ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ് ടു പഠനത്തിന് ശേഷം എറണാകുളം കാക്കനാട്ടെ കൈരളി ബേക്കറിയില്‍ ജോലിക്കു പോയതാണ് അമല്‍. ശനിയാഴ്ച അവിടെ നിന്നും എടുത്ത കെ. എ. 478912 എന്ന നമ്പര്‍ ടിക്കറ്റിനാണ് അമലിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.

കുടുംബത്തിന്റെ കടങ്ങള്‍ തീര്‍ത്ത് നല്ലൊരു വീട് വെക്കണമെന്നാണ് അമലിന്റെ ആഗ്രഹം. അഞ്ജലി വര്‍ഗീസ്, ആര്യ വര്‍ഗീസ് (തലശ്ശേരി ബ്രണ്ണന്‍ കോളേജ് ബിരുദവിദ്യാര്‍ത്ഥി) എന്നിവരാണ് സഹോദരങ്ങള്‍.

നേരത്തെ വട്ടിയൂര്‍ക്കാവില്‍ സംസാര ശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത ദമ്പതികളെ തേട്ി ഭാഗ്യ ദേവതയുടെ കടാക്ഷമെത്തിയിരു്‌നു. സംസാരശേഷിയോ കേള്‍വിശക്തിയോ ഇല്ലാത്ത സജിക്കും ഭാര്യ അനിലയ്ക്കും മുന്നില്‍ വിന്‍വിന്‍ ലോട്ടറി ഒന്നാം സമ്മാനത്തിന്റെ രൂപത്തിലായിരുന്നു ഭാഗ്യമെത്തിയത്. ഇക്കഴിഞ്ഞ പതിമൂന്നാം തീയതി നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ വട്ടിയൂര്‍ക്കാവ്, വൈള്ളെക്കടവ് അരുവിക്കുഴി വീട്ടില്‍ സജിക്കാണ്(43) ലഭിച്ചത്.

ഗാര്‍ഡനിങ് പണിക്കാരനായ സജി, പണി ഇല്ലാത്തപ്പോള്‍ ലോട്ടറി വില്പനയും നടത്തിയിരുന്നു. എന്നാല്‍, വില്പനയ്ക്കായി ടിക്കറ്റെടുക്കാന്‍ തിങ്കളാഴ്ച സജിയുടെ കൈയില്‍ കാശുണ്ടായിരുന്നില്ല. പോക്കറ്റില്‍ ആകെയുണ്ടായിരുന്ന അമ്പതു രൂപ കൊടുത്ത് വട്ടിയൂര്‍ക്കാവിലെ എം.എച്ച്. ലോട്ടറിക്കടയില്‍നിന്ന് 30 രൂപയുടെ ഒരു ടിക്കറ്റെടുത്തു. സജി എടുത്ത WP 717310 എന്ന ടിക്കറ്റിലായിരുന്നു ഭാഗ്യം ഒളിച്ചിരുന്നത്.

വൈകുന്നേരം മൊബൈലില്‍ ഫലം നോക്കിയപ്പോള്‍ ആദ്യം അമ്ബരന്നു. പിന്നീട് ഒന്നാം സമ്മാനം തനിക്കാണെന്ന് ഉറപ്പുവരുത്തി. സജിയും ഭാര്യയും വാക്കുകളില്ലാതെ ആഹ്ലാദം പങ്കിട്ടു. സമ്മാനാര്‍ഹമായ ടിക്കറ്റ് എസ്.ബി.ഐ. വട്ടിയൂര്‍ക്കാവ് ശാഖയില്‍ ഏല്പിച്ചു. നല്ലൊരു വീട്, വട്ടിയൂര്‍ക്കാവ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഏക മകന്‍ സന്തോഷിനെ പഠിപ്പിച്ചു നല്ല നിലയിലെത്തിക്കണം. ഇതൊക്കെയാണ് സജിയുടെ ആഗ്രഹങ്ങള്‍.

കലവൂര്‍ സ്വദേശിയും മത്സ്യതൊഴിലാളിയുമായ സന്തോഷിനെയും തേടി കഴിഞ്ഞ മാസം വിന്‍വിന്‍ ഭാഗ്യക്കുറി എത്തിയിരുന്നു. നിവധി തവണ കുഞ്ഞുകുഞ്ഞു സമ്മാനങ്ങള്‍ സംസ്ഥാന ലോട്ടറി സമ്മാനിച്ചിട്ടുണ്ടെങ്കിലും ഇത്തവണ ഭാഗ്യപരീക്ഷണത്തിന് മകന്‍ പറഞ്ഞു കൊടുത്ത നമ്ബറിലുള്ള ലോട്ടറി ടിക്കറ്റിലൂടെ സന്തോഷിനെ തേടി എത്തിയത് അറുപത്തിയഞ്ച് ലക്ഷവും സമാശ്വാസസമ്മാനങ്ങളും. കേരള ലോട്ടറിയുടെ 536-ാമത് വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ അറുപത്തിയഞ്ച് ലക്ഷമാണ്. ഇതോടൊപ്പം എണ്‍പത്തിഎണ്ണായിരം രൂപയും എട്ട് ടിക്കറ്റുകളിലായി കിട്ടി. കാട്ടൂര്‍ കുന്നേല്‍ സന്തോഷ് തന്റെ മകന്‍ ബ്ലെസണ്‍ പറയുന്ന നമ്ബറിലെ ടിക്കറ്റെടുക്കാറുള്ളതാണ്. മകന്റെ താത്പര്യവും കൂടി കണക്കിലെടുത്താണ് മിക്കപ്പോഴും ടിക്കറ്റ് എടുക്കാറുള്ളത്. സിഎസ്ബാബുവിന്റെ ഉടമസ്ഥതയില്‍ കലവൂര്‍ ബസ്സ്റ്റാന്‍ഡിലുള്ള മനോരമ ഏജന്‍സിയില്‍നിന്ന് ഞായറാഴ്ച പന്ത്രണ്ട് ടിക്കറ്റുകളാണ് സന്തോഷ് എടുത്തത്. ഒന്നാം സമ്മാനം ഉള്‍പ്പടെ എടുത്ത ഒമ്ബത് ടിക്കറ്റുകള്‍ക്കും സമ്മാനവും സന്തോഷിന് ലഭിച്ചു.

കലവൂരില്‍ പല ഏജന്‍സികളിലായി വിറ്റ ടിക്കറ്റിന് ഒമ്ബത് മാസത്തിനിടക്ക് ഇത് നാലാമത്തെ ഒന്നാം സമ്മാനമാണ് അടിക്കുന്നത്. താന്‍ ടിക്കറ്റ് എടുക്കാനായി ചെല്ലുമ്ബോള്‍ ഏജന്‍സിയില്‍ ഉദ്ദേശിക്കുന്ന നമ്ബര്‍ ഇല്ലെങ്കില്‍ കിട്ടുന്നിടത്തുനിന്നും അത് തേടിപ്പിടിച്ചു പോയി എടുക്കുമെന്ന് സന്തോഷ് പറഞ്ഞു. പൊന്തുവള്ളത്തില്‍ മീന്‍പിടിക്കാന്‍ പോകുന്നതാണ് സന്തോഷിന്റെ മുഖ്യവരുമാന മാര്‍ഗ്ഗം. ഒരുമാസത്തോളമായി കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കാര്യമായ പണിയില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് മകന്‍ പറഞ്ഞുകൊടുത്ത നമ്പറില്‍ ഭാഗ്യദേവത കടാക്ഷിച്ചത്. വിദ്യാര്‍ത്ഥികളായ അഷ്നയും അഞ്ജിതയുമാണ് മറ്റ് രണ്ട് മക്കള്‍. ഭാര്യ റീനയും അച്ഛന്‍ മൈക്കിളും, അമ്മ അന്നമ്മയും അടങ്ങുന്നതാണ് സന്തോഷിന്റെ കുടുംബം.