മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത 18കാരി മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് പ്ലസ് ടു വിദ്യാ‍ർത്ഥിനി മരിച്ചു. ആറ്റിങ്ങൽ പിരപ്പൻകോട്ടുകോണം സ്വദേശി മീനാക്ഷി (18) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ വച്ച് ഇന്നലെ വൈകീട്ട് നാലരയ്ക്കായിരുന്നു മീനാക്ഷി മരിച്ചത്. ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് പെൺകുട്ടിയെ തിരികെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മുക്കുപണ്ട കമ്മലിൽ നിന്ന് അലർജി ബാധിച്ച് ചികിൽസയിലായിരുന്നു മീനാക്ഷി. ഈ മാസം 17 മുതൽ 27 വരെ ചികിൽസയിലായിരുന്ന മീനാക്ഷി, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ഉള്ളൂരിൽ വച്ച് ഛർദ്ദിച്ചു. ഇതോടെ തിരികെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം ഹൃദയാ​ഘാതം മൂലമാണ് മീനാക്ഷി മരിച്ചതെന്നാണ് ആശുപത്രി അധികൃത‍ർ പറയുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾ പൂ‍ർത്തിയായി.