പൂജ ചെയ്ത് അസുഖം മാറ്റാമെന്ന് പറഞ്ഞ് സ്ത്രീയിൽ നിന്നും ഒരു കോടിയോളം തട്ടിയെടുത്ത് 19കാരന്‍

കൊച്ചി: മലയാളികള്‍ വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍ ആണെന്ന് അഹങ്കരിക്കുമ്പോഴും ഏറ്റവും അധികം തട്ടിപ്പിന് ഇരയാകുന്നതും ഈ മലയാളികള്‍ തന്നെയാണ്. പൂജയിലൂടെ അസുഖങ്ങള്‍ മാറ്റി തരാമെന്ന് പറയുമ്പോള്‍ തന്നെ സ്ത്രീകള്‍ അതില്‍ പെടും. മുന്‍പിന്‍ നോക്കാതെ സ്ത്രീകള്‍ ഇതില്‍ പെടും. അല്‍പം പ്രായം ചെന്നവര്‍ ആണെങ്കില്‍ പറയുകയേ വേണ്ട. ഇത്തരത്തില്‍ ഒരു സംഭവമാണ് കൊച്ചിയില്‍ ഉണ്ടായത്. പൂജ ചെയ്ത് രോഗം മാറ്റാമെന്ന് പറഞ്ഞ് പരിചയപ്പെട്ട ശേഷം ഒരു കോടിയോളം രൂപയാണ് പ്രായമായ അമ്മയുടെയും മകളുടെയും പക്കല്‍ നിന്നും പ്രതി തട്ടിയെടുത്തത്. ഇവിടെ 19 വയസുള്ള പ്രതിയാണ് അമ്മയെയും മകളെയും കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഒരു കോടി രൂപയോളം തട്ടിയെടുത്തത്.

തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകളെയുമാണ് കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ഭാഗത്ത് ആനന്ദാശ്രമം പൊട്ടന്‍കുളം വീട്ടില്‍ ഷാജിയുടെ മകന്‍ അലക്‌സ്(19) ഭീഷണിപ്പെടുത്തി പണം തട്ടിയത്. 82 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. സ്ത്രീയും മകളും പാലാരിവട്ടം വൈഎംസിഎയില്‍ രണ്ട് മാസം മുറി എടുത്ത് താമസിച്ചിരുന്നു. ഈ സമയം അലക്‌സ് അവിടെ റൂം ബോയി ആയി ജോലി ചെയ്ത് വരികയായിരുന്നു. ഇവിടെ വെച്ചാണ് പ്രതി സ്ത്രീയെയും മകളെയും പരിചയപ്പെടുന്നത്.

പരിചയത്തിലൂടെ പരാതിക്കാരിക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടെന്ന് അലക്‌സ് മനസിലാക്കി. തുടര്‍ന്ന് തനിക്ക് രോഗം മാറ്റാനുള്ള പ്രത്യേക പൂജ അറിയാമെന്ന് പറഞ്ഞു ഇവരെ വിശ്വസിപ്പിച്ചു. പൂജയ്ക്കും മറ്റ് കാര്യങ്ങള്‍ക്കുമായി അലക്‌സ് ആദ്യം തന്നെ ഒമ്പത് ലക്ഷം രൂപ വാങ്ങി. പിന്നീട് പല തവണകളായി 16 ലക്ഷം രൂപ കൈക്കലാക്കി. പരാതിക്കാരിയുടെ മകളെ ചിറ്റൂര്‍ റോഡിലേക്ക് വിളിച്ച് വരുത്തുകയും ഇനിയും കൂടുതല്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്തില്ലെങ്കില്‍ അമ്മയ്ക്ക് മരണം സംഭവിക്കുമെന്നും പറഞ്ഞു. ഇതിന് കൂടുതല്‍ പണം വേണമെന്നും പറഞ്ഞു. ഒടുവില്‍ മകളുടെ കൈവശം ഉണ്ടായിരുന്ന എടിഎം കാര്‍ഡ് തട്ടിയെടുത്തു.

എടിഎം കാര്‍ഡ് ഉപയോഗിച്ച് 45 ലക്ഷത്തോളം രൂപ അലക്‌സ് പിന്‍വലിച്ചു. തുടര്‍ന്നും പണത്തിനായി പ്രതി സ്ത്രീയെയും അമ്മയെയും നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതോടെയാണ് സ്ത്രീ പരാതിയുമായി ഡപ്യൂട്ടി കമ്മീഷണര്‍ പൂങ്കുഴലിയുടെ ഓഫീസില്‍ എത്തിയത്. പരാതിയെ തുടര്‍ന്ന് സെന്‍ട്രല്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇവരില്‍ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് അലക്‌സ് പാനായികുളത്ത് ഒരു ആഡംബര വില്ല സ്വന്തമാക്കി. ഒരു ലക്ഷം വിലയുള്ള മൊബൈല്‍ ഫോണുകളും ആഡംബര ബൈക്കും ലക്ഷങ്ങള്‍ വിലയുള്ള മുന്തിയ ഇനം വളര്‍ത്തു നായയും അത്യാധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പ്രതി സ്വന്തമാക്കിയിരുന്നു.