വ്യാജ പൈൽസ് ഡോക്ടറെ കുടുക്കിയത് ഊമ കത്ത്, രോഗിയെത്തുമ്പോൾ ഫോണെടുത്ത് ബംഗാളിലേക്ക് ഒറ്റ വിളിയാണ്

കൊച്ചിയിൽ പൈൽസിന് ചികിൽസിച്ചു വന്ന ബംഗാള്‍ സ്വദേശിയായ വ്യാജ ഡോക്ടർ കുടുങ്ങിയത് പോലീസിന് കിട്ടിയ ഒരു ഊമ കത്തിനെ തുടർന്നായിരുന്നു. കൊച്ചി തേവര പോലീസിനു ലഭിച്ച ഒരു ഊരും പേരുമില്ലാത്ത കത്താണ് ബംഗാള്‍ സ്വദേശിയായ വ്യാജവൈദ്യന്‍ ദിഗംബര്‍ കുടുങ്ങാന്‍ വഴിയൊരുക്കുന്നത്.

വ്യാജ ഡോക്ടര്‍ കൊച്ചിയിൽ പൈല്‍സിനു ചികിത്സ നടത്തുന്നുണ്ടെന്നും അന്വേഷണം വേണം എന്നുമായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. പോലീസ് എത്തുമ്പോൾ ഇയാള്‍ ചികിത്സ നടത്തുകയായിരുന്നു. പാരമ്പര്യ വൈദ്യന്‍ എന്ന രീതിയിലോ ഡോക്ടര്‍ എന്ന രീതിയിലോ ഒരു സര്‍ട്ടിഫിക്കറ്റും ദിഗംബര്‍ക്ക് ഉണ്ടായിരുന്നില്ല.

രോഗികള്‍ എത്തുമ്പോൾ, അവരുടെ വിവരങ്ങൾ, രോഗം എല്ലാം ചോദിച്ച് ദിഗംബര്‍ ചോദിച്ച് മനസിലാക്കും. പിന്നെ ഫോണിൽ ബംഗാളിലേക്ക് ഒറ്റ വിളിയാണ്. ബംഗാളിലേക്ക് വിളിക്കുന്നത് എന്തൊക്കെ മരുന്നുകൾ കൊടുക്കണമെന്ന് ചോദിക്കാനാണ്. അത് അനുസരിച്ച് ദിഗംബര്‍ മരുന്ന് നല്‍കും. രോഗികള്‍ക്ക് മുന്നിലിരുന്നും മാറി ഇരുന്നും ബംഗാളിലേക്ക് വിളിക്കാറുണ്ട്.

ഒരു എംബിബിഎസ് ഡോക്ടറുടെ മുറിയുടെ സ്റ്റൈലിലാണ് ദിഗംബര്‍ തന്റെ കൺസൾട്ടിങ് മുറി ക്രമീകരിച്ചിരുന്നത്. ഒരു സംശയം വരാത്ത രീതിയിലായിരുന്നു ചികിത്സ പരിപാടി. അലോപ്പതി മരുന്നുകളും നാട്ടുമരുന്നുകളും രോഗിയുടെ ആവശ്യത്തിനനുസരിച്ച് ദിഗംബര്‍ നൽകിയിരുന്നു. ഇയാള്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പമാണ് തേവരയില്‍ താമസിച്ചു വന്നിരുന്നത്. അലോപ്പതി മരുന്നുകള്‍ക്കൊപ്പം ‘ഡോക്ടര്‍’ എന്നെഴുതിയ നെയിംബോര്‍ഡും മുറിയില്‍ നിന്നും പോലീസ് കണ്ടെടുക്കുകയുണ്ടായി.

ദിഗംബറിന്റെ ബന്ധു ഇവിടെ പൈല്‍സ് ചികിത്സ നടത്തി വന്നിരുന്നു അവിടെ സഹായി ആയിരുന്നു ദിഗംബര്‍ ആദ്യമൊക്കെ. അയാൾ ഒരു വര്‍ഷം മുന്‍പ് മരിച്ചു. ഇതോടെ ദിഗംബര്‍ ഡോക്ടര്‍ ആയി മാറി ചികിത്സ ആരംഭിക്കുകയായിരുന്നു. ദിഗംബറിന് ചികിത്സ അറിയില്ല. ബംഗാളിലേക്ക് വിളിച്ച് അവിടെ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് ചികിത്സയൊക്കെ നൽകിയിരുന്നത്. ഒരു ഡോക്ടര്‍ വരുമെന്ന് ദിഗംബര്‍ പറഞ്ഞു. പക്ഷെ ഒരാറുമാസമായി ഒരു ഡോക്ടറും എത്തിയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. ദിഗംബറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.