ഭക്ഷണശാലയിലേക്ക് വാഹനം ഇടിച്ചുകയറി അപകടം, ആറുപേർക്ക് പരിക്ക്

ന്യൂഡല്‍ഹി : വഴിയരികിലെ ഭക്ഷണശാലയിലേക്ക് കാർ പാഞ്ഞുകയറി ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഡല്‍ഹിയിലെ കശ്മീരി ഗേറ്റിനടുത്ത് ഞായറാഴ്ചയായിരുന്നു സംഭവം.

മെഴ്സിഡസ് എസ്.യു.വി കാർ ആളുകള്‍ കൂട്ടമായിനിന്ന് ഭക്ഷണം കഴിക്കുന്ന ഇടത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. നോയിഡ സ്വദേശിയായ പരാഗ് മയിനി എന്നയാളാണ് വണ്ടിയോടിച്ചിരുന്നത്. അപകടം നടക്കുമ്പോള്‍ ഇയാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ചികിത്സയിലുള്ള ആറുപേരിൽ ഒരാളുടെ കാലിനേറ്റ പരിക്ക് സാരമുള്ളതാണ്.

കോട്ടയത്ത് ഇരുചക്ര വാഹന യാത്രക്കാരന്റെ അപകട മരണത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ഡ്രൈവറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. തിരുവല്ല ഡിപ്പോയില്‍ നിന്നും മധുരയിലേയ്ക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് കോട്ടയം കളത്തിപ്പടിയില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചിരുന്നു.

കെഎസ്ആര്‍ടിസി സിഎംഡിയുടെ നിര്‍ദേശ പ്രകാരം വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ബസ് ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഡ്രൈവര്‍ ബ്രിജേഷിനെ കെഎസ്ആര്‍ടിസി സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത്.