പത്രക്കാരുടെ ഫണ്ട് വെട്ടിപ്പ്, മന്ത്രി ബാലഗോപാലിന്‌ പണി കൊടുത്ത് പിണറായി

പി.ആർ ഡിയിൽ നടന്ന 2.5 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഇപ്പോൾ ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിനു വിശദീകരണം നൽകി കത്ത് അയച്ചിരിക്കുകയാണ്‌ കേരള സർക്കാർ പി ആർ ഡി വകുപ്പ്. കേരളത്തിലെ പ്രസ് ക്ലബുകളുടെ രണ്ടര കോടി രൂപ സർക്കാർ ഫണ്ട് വെട്ടിപ്പിനെ കുറിച്ച് ഇ ഡിയാണ്‌ അന്വേഷണം നടത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ്‌ അന്വേഷണം നടത്താൻ നിർദ്ദേശം നല്കിയത്.

ഇതുമായി ബന്ധപ്പെട്ട് 2023 ഫിബ്രവരിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പി ആർ ഡിയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ നിർദ്ദേശം പി ആർ ഡി അവഗണിച്ചു. മറുപടി കിട്ടാത്തതിനാൽ ഈ മാസം ആദ്യം പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണം നടത്താൻ ഇ ഡിക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.

ധന വകുപ്പ് മന്ത്രി ബാലഗോപാലിന്റെ ഓഫീസിൽ ഇതിനിടെ കേസിൽ പ്രതികളായ മാധ്യമ പ്രവർത്തകരേ വിളിച്ച് മീറ്റീങ്ങ് നടത്തിയിരുന്നു. അതായത് ഇ ഡി അന്വേഷിക്കുന്ന അഴിമതി കേസിലെ കുറ്റവാളികളേ വിളിച്ച് വരുത്തി എങ്ങിനെ കേസ് നീക്കണം എന്നും എന്ത് റിപോർട്ട് നല്കണം എന്നും ഒക്കെ ചർച്ച ചെയ്യുകയായിരുന്നു. പി ആർ ഡി വകുപ്പ് നടത്തിയ 2.5 കോടി രൂപ സർക്കാർ അനുകൂല മാധ്യമ പ്രവർത്തക നേതാക്കൾ കീശയിലാക്കുകയായിരുന്നു. ലൈബ്രറി പദ്ധതിക്ക് വേണ്ടി എന്ന പേരിൽ 8 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ തട്ടിയ മാന്യന്മാർ ഉണ്ട്. ചിലർ ലൈബ്രറി പണിതു എന്ന് കാട്ടി ഫോട്ടോ സ്റ്റാറ്റ് കടകളുടേയും പെട്ടി കടകളുടേയും വരെ റസീത് ഹാജരാക്കിയിട്ടുണ്ട്. ധന മന്ത്രി ബാലഗോപാൽ അഴിമതി ഫയൽ പൂഴ്ത്തി എന്നാണിപ്പോൾ പി ആർ ഡി പ്രധാനമന്ത്രിക്ക് നൽകിയ മറുപടിയിൽ ഉള്ളത്.

ഇപ്പോൾ പി ആർ ഡി നല്കിയ മറുപടിയിൽ പറയുന്നത് ധനകാര്യ മന്ത്രിയുടെ ഓഫീസിലാണ്‌ ഫയൽ എന്നാണ്‌. അതായത് 4 മാസം ഫയൽ പൂഴ്ത്തിവയ്ച്ചതിന്റെ ഉത്തരവാദിത്വം പിണറായി വിജയന്റെ പി ആർ ഡി വകുപ്പ്, ബാലഗോപാലിന്റെ ധന വകുപ്പിന്റെ തലയിൽ ഇട്ടിരിക്കുന്നു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചപ്പോൾ സംസ്ഥാന ധനവകുപ്പിനെ പഴിചാരി പിആർഡി ഡയറക്ടർ തടിയൂരാൻ ശ്രമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ കീഴിലാണ് പി ആർ ഡി വകുപ്പ്.

പിആർഡി ഡയറക്ടർ ടി.വി.സുഭാഷ് മേയ് ഒൻപതിനു പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ച കത്തിലാണ് പ്രസ് ക്ലബുകൾക്കും കെയുഡബ്ല്യുജെ ഡൽഹി ഘടകത്തിനും എതിരായ നടപടികൾ വൈകാൻ കാരണം ധനവകുപ്പാണെന്നു വ്യക്തമാക്കിയിട്ടുള്ളത്. ഇ.ഡി. അന്വേഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ കുടുക്കാനുള്ള ശ്രമമാണ് പി ആർ ഡി ഡയറക്ടറുടെ കത്തിനു പിന്നിൽ. കെ യുഡബ്ല്യുജെ ഡൽഹി ഘടകത്തിൻ്റെ 25 ലക്ഷം രൂപ സർക്കാർ ഫണ്ട് വെട്ടിപ്പിനെ കുറിച്ചുള്ള ധനവകുപ്പ് ഇൻസ്പെക്ഷൻ വിങ്ങിൻ്റെ അന്വേഷണ റിപ്പോർട്ട് ഏപ്രിലിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലിനു സമർപ്പിച്ചിരുന്നു.

ഫണ്ട് കൈകാര്യം ചെയ്തിരുന്ന ഭാരവാഹികളിൽ നിന്നു 18% പിഴ പലിശ സഹിതം 70 ലക്ഷം രൂപ തിരിച്ചു പിടിക്കാനാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുള്ളത്. കിരൺ ബാബു (ന്യൂസ് 18), ധന സുമോദ് (മീഡിയ വൺ ), സിദ്ദിഖ് കാപ്പൻ ( അഴിമുഖം) , എം.പ്രശാന്ത് (ദേശാഭിമാനി ) പി.കെ.മണികണ്ഠൻ (മാതൃഭൂമി), പ്രസൂൻ കണ്ടത്ത് ( കേരള കൗമുദി) എന്നിവർ ഫണ്ട് തട്ടിപ്പു നടത്തി എന്നാണ് റിപ്പോർട്ടിൽ. ഈ മാധ്യമ പ്രവർത്തകർക്ക് ധനമന്ത്രിയുമായുള്ള അടുപ്പം കാരണമാണ് റിപ്പോർട്ട് തുടർ നടപടികൾക്കായി പിആർഡിക്ക് കൈമാറാത്തത്.

ധനവകുപ്പിൽ നിന്നു റിപ്പോർട്ട് കിട്ടിയാലുടൻ തുടർ നടപടികൾ സ്വീകരിക്കുമെ ന്നാണ് പിആർഡി സെക്രട്ടറി ടി.വി.സുഭാഷ് പ്രധാന മന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്. ഇ.ഡി. അന്വേഷണത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായ അലംഭാവം പരിശോധിച്ചാൽ ധന വകുപ്പാകും കുടുങ്ങുക. സി എ ജിയുടെ മുൻ റിപ്പോർട്ടുകളിൽ പി ആർ ഡി, ധന വകുപ്പുകളെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തിയിരുന്നു. സി എ ജി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം. മുഖ്യമന്ത്രിയെ രക്ഷിക്കുന്ന തരത്തിലുള്ള പി ആർ ഡി സെക്രട്ടറിയുടെ റിപ്പോർട്ട് കാരണം ധനമന്ത്രി ബാലഗോപാലാണ് വെട്ടിലായത്.