പാകിസ്താനില്‍ രണ്ടിടത്ത് സ്‌ഫോടനം, 25 മരണം, തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍മാത്രം ബാക്കി

കറാച്ചി : പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ പാകിസ്താനില്‍ രണ്ടിടത്ത് സ്‌ഫോടനം. പാര്‍ട്ടി ഓഫീസിനും സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ഓഫീസിനും സമീപമുണ്ടായ വ്യത്യസ്ത ബോംബ് സ്‌ഫോടനങ്ങളില്‍ 25- പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍ പ്രവിശ്യയിലാണ് സംഭവം. സ്‌ഫോടനങ്ങളില്‍
42 പേര്‍ക്ക് പരിക്കേറ്റു.

പിഷിന്‍ ജില്ലയിൽ സ്വതന്ത്ര സ്ഥാനാര്‍ഥി അസ്ഫാന്‍ദിയാര്‍ ഖാന്‍ കാക്കറിന്റെ ഓഫീസിന് പുറത്താണ് ആദ്യസ്ഫോടനമുണ്ടായത്. 17 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 30 പേര്‍ക്ക് പരിക്കേറ്റു. പിന്നാലെ കില്ല അബ്ദുള്ള പ്രദേശത്തുള്ള ജാമിയത്ത്-ഉലമ ഇസ്ലാം പാകിസ്താന്റെ ഓഫീസിനു പുറത്തും പൊട്ടിത്തെറി ഉണ്ടായി.

സ്ഫോടനത്തില്‍ എട്ട് പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നും അദ്ദേഹം അറിയിച്ചു. 17 മൃതദേഹമാണ് എണ്ണിത്തിട്ടപ്പെടുത്താനായതെന്നും മരണസംഖ്യ ചിലപ്പോള്‍ ഉയര്‍ന്നേക്കാമെന്നാണ് വിവരം. രണ്ടിടങ്ങളില്‍ സ്ഫോടനങ്ങളുണ്ടായതായി പാകിസ്താന്‍ ഇലക്ഷന്‍ കമ്മിഷനും സ്ഥിരീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചതായും കമ്മിഷന്‍ അറിയിച്ചു.