നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കൊല്ലത്ത് 2 യുവാക്കൾ മരിച്ചു

കൊല്ലം . ചിതറയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കല്ലുവെട്ടാംകുഴി സ്വദേശികളായ അഫ്സൽ (18), സുബിൻ എന്നിവരാണ് മരണപ്പെട്ടത്. വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ച് വീണ അഫ്സൽ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയായിരുന്നു. സുബിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

അതേസമയം, തിരുവനന്തപുരത്ത് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ സഹപ്രവർത്തകർ ഒരുക്കിയ വിരമിക്കൽ സൽക്കാരത്തിൽ പങ്കെടുക്കാൻ വന്ന അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പൻകോട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ് അധ്യാപിക വി.ഐ.മിനി (56) ആണ് മരിച്ചത്.

കാരേറ്റ് പേടികുളം ശീമവിള വീട്ടിൽ വേണുകുമാറിന്റെ (KSEB) ഭാര്യയാണ് മിനി. ശനിയാഴ്ച ഉച്ചയോടെ വെഞ്ഞാറമൂട്ടിലെ ഭക്ഷണശാലയിൽ സഹപ്രവർത്തകർ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ കാറിൽ എത്തി സ്വീകരണ സ്ഥലത്തേക്ക് നടന്നു പോകവേ കുഴഞ്ഞുവീഴുകയാണ് ഉണ്ടായത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മെയ് 31നു മിനി സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. മക്കൾ, പോളിടെക്നിക് വിദ്യാർഥി ജയശങ്കർ, ഡിഗ്രി വിദ്യാർഥിനി ഇന്ദുജ.