മദ്യ നിര്‍മാണ, വില്‍പന സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്, 200 കോടിയോളം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു

ഭുവനേശ്വർ. സംസ്ഥാനത്തെ മദ്യ നിര്‍മാണ, വില്‍പന സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കോടികളുടെ കള്ളപ്പണം പിടിച്ചെടുത്തു. പ്രമുഖ മദ്യ നിര്‍മാണ സ്ഥാപനങ്ങളായ ശിവ് ഗംഗ ആന്റ് കമ്പനി, ബൗധ് ഡിസ്റ്റിലറി തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധനകള്‍ തുടരുന്നത്.

മദ്യ വില്‍പനയുടെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെയ്ക്കുകയും വ്യാജ രേഖകള്‍ തയ്യാറാക്കി നികുതി വെട്ടിപ്പ് നടത്തുകയും ചെയ്യുന്നുവെന്ന് കാണിച്ച് അദായ നികുതി വകുപ്പിന് ലഭിച്ച പരാതിയിന്മേലാണ് നടപടി. മദ്യ വില്‍പനയുടെ നല്ലൊരു ഭാഗം കണക്കുകളില്‍ ഉള്‍ക്കൊള്ളിക്കാതെ കമ്പനികള്‍ വന്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതുവരെ 200 കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. പണം എണ്ണുന്നതിനിടെ നോട്ടെണ്ണൽ യന്ത്രം പണിമുടക്കി. പരിശോധന ഇപ്പോഴും തുടരുകയാണ്.

2019 മുതല്‍ 2021വരെയുള്ള കാലായളവില്‍ ലാഭം കുറച്ച് കാണിക്കുകയും അസംസ്കൃത വസ്തുക്കള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെയുള്ള ചെലവുകള്‍ പെരുപ്പിക്കുകയും ചെയ്തു. കമ്പനി ഉടമകളുടെ വീടുകളില്‍ നടത്തിയ റെയ്ജുകളിലാണ് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കണ്ടെത്തിയത്.