കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ; അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് അവതരിപ്പിച്ചു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. സുസ്ഥിര, അഴിമതി രഹിത ഭരണം മോദി സര്‍ക്കാരിന് കാഴ്ചവെക്കാനായി. രാജ്യത്തിന്റെ ആത്മഭിമാനം ഉയര്‍ത്തി. 2022ഓടെ നവഭാരതം നിര്‍മ്മിക്കും. പണപ്പെരുപ്പം 4.6 ശതമാനം കുറച്ചു. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മവിശ്വാസം തിരിച്ചുനല്‍കി. ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചുവെന്നും പീയുഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

ധനക്കമ്മി 3.4 ശതമാനത്തിലേക്ക് കുറയ്ക്കാനായി. 2018 ഡിസംബറില്‍ പണപ്പെരുപ്പം 2.1 ശതമാനം മാത്രമായിരുന്നു. പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന സഹായം നല്‍കാന്‍ കഴിഞ്ഞു. സമ്പദ്ഘടനയില്‍ അടിസ്ഥാനപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. യുപിഎ സര്‍ക്കാരിന്റെ കാലത്തെ കിട്ടാക്കടം എന്‍ഡിഎ സര്‍ക്കാര്‍ കണ്ടെത്തി.

പാവപ്പെട്ട എല്ലാവര്‍ക്കും എല്ലാ അവകാശങ്ങളും ലഭ്യമാക്കലാണ് നയം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷം അധിക സീറ്റുകള്‍ ഉറപ്പാക്കും. രാജ്യത്തെ 98 ശതമാനം ഗ്രാമങ്ങളിലും തുറസായ സ്ഥലത്തെ മല വിസര്‍ജനം ഇല്ലാതാക്കി.

സുതാര്യത വര്‍ധിപ്പിച്ച് അഴിമതി തടഞ്ഞു. വായ്പാ തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. മൂന്ന് ലക്ഷം കോടി കിട്ടാക്കടം തിരിച്ചുപിടിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതി വിഹിതം ഉയര്‍ത്തി. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ബാങ്കുകളുടെ ലയനം വഴി രാജ്യ മുഴുവന്‍ ബാങ്കിങ് സേവനം ലഭ്യമാക്കി.

ബജറ്റ് പ്രഖ്യാപനങ്ങള്‍:

* പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രഖ്യാപിച്ചു. അക്കൗണ്ടില്‍ നേരിട്ട് പണം നല്‍കും. രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കും. പണം മൂന്ന് ഗഡുക്കളായാണ് അക്കൗണ്ടില്‍ നല്‍കുക. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. ബാധ്യത സര്‍ക്കാര്‍ വഹിക്കും; 20,000 കോടി ലഭ്യമാക്കും.

* കിസാന്‍ സമ്മാന്‍ നിധിക്ക് 75,000 കോടി രൂപ

* കര്‍ഷകര്‍ക്ക് 11.68 ലക്ഷം കോടി രൂപയുടെ വായ്പ ലഭ്യമാക്കും

* രാഷ്ട്രീയ കാംദേനു ആയോഗ് പദ്ധതിക്ക് തുക വകയിരുത്തി

* പശുക്കളെ വാങ്ങാനും വളര്‍ത്താനും വായ്പ നല്‍കും

* കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഫിഷറീസ് വകുപ്പ് തുടങ്ങും

* കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് 2 ശതമാനം പലിശയിളവ്*കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് 3 ശതമാനം അധിക പലിശയിളവ്‌

* അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി. മാസം 3000 രൂപ പെന്‍ഷന്‍ നല്‍കും

* ഇഎസ്‌ഐ പരിധി 21,000 ആക്കി

* മാര്‍ച്ച് മാസത്തോട് കൂടി എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കും

* ഗ്രാറ്റ് വിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി ഉയര്‍ത്തി

* പ്രധാനമന്ത്രിയുടെ ശ്രം യോഗി മന്‍ ധന്‍ പദ്ധതിക്ക് 5000 കോടി രൂപ

* അങ്കണവാടി-ആശാ വര്‍ക്കര്‍മാരുടെ വേതനം 50 ശതമാനം വര്‍ധിപ്പിക്കും

* റെയില്‍വേയ്ക്ക് ഒന്നര ലക്ഷം കോടി രൂപ

* എട്ട് കോടി സൗജന്യ എല്‍പിജി കണക്ഷനുകള്‍ നല്‍കും

* ആദായനികുതി വരുമാനം 12 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. റിട്ടേണുകള്‍ 24 മണിക്കൂറിനകം തീര്‍പ്പാക്കും. റീഫണ്ടും ഉടന്‍. നികുതി റിട്ടേണ്‍ പ്രക്രിയ മുഴുവന്‍ ഓണ്‍ലൈന്‍ ആക്കും

* രാജ്യത്ത് നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 3.79 കോടിയില്‍ നിന്ന് 6.85 കോടിയായി. ഇതില്‍ 80 ശതമാനം വളര്‍ച്ചയുണ്ടായി.

* പ്രധാനകേന്ദ്രങ്ങളില്‍ സിനിമ ഷൂട്ടിങ് അനുമതിക്ക് ഏകജാലക സംവിധാനം

* സിനിമയുടെ വ്യാജപതിപ്പുകള്‍ തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി

* അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റലാക്കും. മൊബൈല്‍ ഫോണ്‍ കോമണ്‍ സര്‍വീസ് സെന്ററുകളെ ഇതില്‍ കേന്ദ്ര ബിന്ദുക്കളാക്കും. അഞ്ച് വര്‍ഷത്തിനിടെ മൊബൈല്‍ ഡേറ്റ ഉപയോഗം അന്‍പതിരട്ടിയാക്കി.

* ആളില്ലാ ലെവല്‍ ക്രോസുകള്‍ ഒഴിവാക്കി. ബ്രോഡ്‌ഗേജ് ലൈനില്‍ ആളില്ലാത്ത ഒരു ലെവല്‍ക്രോസ് പോലുമില്ലെന്ന് സര്‍ക്കാര്‍

*ഹൈവേ വികസനത്തില്‍ ഇന്ത്യ ലോകത്ത് ഏറ്റവും മുന്നില്‍. ഒരു ദിവസം 27 കിലോ മീറ്റര്‍ ഹൈവേ നിര്‍മ്മിക്കുന്നുവെന്ന് ധനമന്ത്രി