മോദി ഇടപെട്ടു: ബഹ്റിനില്‍ തടവില്‍ കഴിയുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ തീരുമാനമായി

ബഹ്റിനിലെ ജയിലുകളില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട് തടവുശിക്ഷ അനുഭവിക്കുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹ്റിന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസാ ഖലീഫയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ശിക്ഷാകാലയളവില്‍ നല്ലരീതിയില്‍ പെരുമാറിയവരെയും ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്തവരെയുമാണ് മോചിപ്പിക്കുന്നത്.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ മോചനം സംബന്ധിച്ച്‌ വ്യക്തതയില്ല. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹ്‌റിനിലെത്തിയ മോദിക്ക് രാജ്യത്തെ ഉന്നത ബഹുമതിയായ ദ കിംഗ് ഹമദ് ഓര്‍ഡര്‍ ഒഫ് റിനൈസന്‍സ് നല്‍കി ആദരിച്ചിരുന്നു. തനിക്ക് കിട്ടിയത് മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും ലഭിച്ച ആദരമെന്നാണ് മോദി ഇതിന് ശേഷം പ്രതികരിച്ചത്.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റിനിലെത്തുന്നതെന്നും ശ്രദ്ധേയമാണ്. ആറ് രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി.സി.സിയുമായി കൂടുതല്‍ ബന്ധം ദൃഢമാക്കുന്നത് ലക്ഷ്യമിട്ടുകൂടിയാണ് മോദിയുടെ സന്ദര്‍ശനമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

നേരത്തെ മോദിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഒഫ് സായിദ് മെഡല്‍ അബുദാബി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സമ്മാനിച്ചിരുന്നു. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങിലായിരുന്നു മെഡല്‍ സമ്മാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധം ശക്തമാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചതിനാണ് ബഹുമതി. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.