കുട്ടിയുടെ മരണകാരണം നാണയമല്ലെന്ന് എക്സറേ, കോവിഡ് ഫലവും നെഗറ്റിവ്

ആലുവയിലെ കടുങ്ങല്ലൂരിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ വിശദീകരണവുമായി ഡോക്ടർമാർ. എക്സറേ ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. നാണയമിരിക്കുന്നത് മരണകാരണമാകുന്ന തരത്തിൽ ശ്വാസനാളത്തിലല്ല മറിച്ച്‌ ആമാശയത്തിലാണെന്ന് എക്സ് റേയിൽ വ്യക്തമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയിൽനിന്നും ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നും എടുത്ത എക്സ് റേകളാണു പുറത്തുവന്നത്.

അതിനിടെ കുട്ടിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നു തെളിഞ്ഞു. മരണശേഷം നടത്തിയ ട്രൂനാറ്റ് ടെസ്റ്റിലാണ് ഫലം നെഗറ്റിവായത്. ആമാശയത്തിൽ കുടുങ്ങിയ നാണയം കുഞ്ഞിന്റെ ജീവന് ഭീഷണിയല്ലെന്നു കാണിച്ചാണ് ആശുപത്രിയിൽനിന്നു മടങ്ങാൻ അധികൃതർ പറഞ്ഞതെന്നാണ് വിവരം. ശസ്ത്രക്രിയ നടത്തിയോ, ട്യൂബ് ഇട്ടോ നാണയം എടുക്കേണ്ട ആവശ്യമില്ലെന്നും രണ്ടോ മൂന്നോ ദിവസത്തിനകം ഇതു സ്വഭാവികമായി വയറ്റിൽനിന്നു പുറത്തുവരുമെന്നുമായിരുന്നു ഡോക്ടർമാർ കണക്കാക്കിയത്. ശിശുരോഗവിദഗ്ധർ ഉൾപ്പെടെ കുട്ടിയെ പരിശോധിക്കുകയും ചെയ്തിരുന്നു.

മരണകാരണം വ്യക്തമാകണമെങ്കിൽ ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണം. സംഭവം വിവാദമായ സാഹചര്യത്തിൽ പൊലീസ് സർജനായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക. കുട്ടിക്ക് ശ്വാസ തടസ്സം പോലുള്ള ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സാധാരണ നിലക്ക് ഇത്തരം കേസുകളിൽ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ നാണയം പുറത്തേക്ക് വരേണ്ടതാണ്.

കൊവിഡ് സാഹചര്യമായതിനാൽ കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുക സാധ്യമല്ലായിരുന്നുവെന്നും മെഡിക്കൽ കോളജ് അധികൃതർ വിശദീകരിക്കുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് നൽകാനും മന്ത്രി ആവശ്യപ്പെട്ടു. അതിനിടെ, ശിശുരോഗ വിഭാഗത്തോട് ആലപ്പുഴ മെഡിക്കൽ കോളജ് സൂപ്രണ്ട് റിപ്പോർട്ട് തേടി.

ആലുവ കടങ്ങല്ലൂരിൽ രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. നാണയം വിഴുങ്ങിയെന്ന് മനസിലാക്കിയ വീട്ടുകാർ ആദ്യം കുട്ടിയെ ആലുവ താലൂക്ക് ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ല. പിന്നീടാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. ഇന്ന് പുലർച്ചയോടെ മരിച്ചു. ആശുപത്രി അധികൃതർ ചികിത്സയിൽ വീഴ്ച വരുത്തിയതായി കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചിട്ടുണ്ട്.