40 കലാപകാരികള്‍ മണിപ്പൂരിൽ കൊല്ലപ്പെട്ടു, സുരക്ഷാസേന നിരവധി പേരെ അറസ്റ്റ് ചെയ്തു

മണിപ്പൂരില്‍ വിവിധ ഇടങ്ങളിലായി 40 തീവ്രവാദികളെ വധിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു. സാധാരണക്കാർക്ക് നേരെ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചതിനും സംസ്ഥാനത്ത് കലാപം സൃഷ്ടിച്ചതിനുമാണ് ഇവരെ വധിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലപ്പെട്ടവരെ കൂടാതെ നിരവധി പേർ അറസ്റ്റിലായതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മണിപ്പൂർ സർക്കാർ സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം മെയ് 31 വരെ നീട്ടിയിട്ടുണ്ട്. മെയ് 3 ന് ഗോത്രവർഗക്കാരും ആദിവാസികളല്ലാത്തവരും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് വ്യാപകമായ അക്രമമാണ് ഉണ്ടായത്. മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയായിരുന്നു സംഘർഷം. പട്ടികവർഗ പദവി വേണമെന്ന മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തിനെതിരെയായിരുന്നു പ്രതിഷേധം നടന്നത്.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ ത്രിദിന സന്ദർശനത്തിന് മുന്നോടിയായി ഞായറാഴ്ച കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇംഫാലിൽ എത്തിയിരുന്നു. മണിപ്പൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിട്ട് ഏകദേശം ഒരു മാസമായി.വ്യാഴാഴ്ച രാവിലെ മണിപ്പൂരിലെ ബിഷ്ണുപൂരിൽ പൊട്ടിപ്പുറപ്പെട്ട പുതിയ അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ഉണ്ടായി.

രണ്ട് ഗ്രൂപ്പുകൾക്കും നീതി ലഭിക്കുമെന്നും കുറ്റവാളികളെ വെറുതെവിടില്ലെന്നും നേരത്തെ അമിത് ഷാ ഉറപ്പ് നൽകിയിരുന്നു. മണിപ്പൂരിലെ അക്രമത്തിന് മുന്നോടിയായി കുക്കി ഗ്രാമീണരെ റിസർവ് ഫോറസ്റ്റ് ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കുന്നതിനെ ചൊല്ലിയുള്ള പിരിമുറുക്കം, ചെറിയ പ്രക്ഷോഭങ്ങളുടെ ഒരു പരമ്പരയിലേക്ക് നീങ്ങുകയായിരുന്നു. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തീസ് ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിച്ചു വരുന്നത്. ഗോത്രവർഗ്ഗക്കാർ – നാഗകളും കുക്കികളും – ജനസംഖ്യയുടെ 40 ശതമാനവും മലയോര ജില്ലകളിലാണ് താമസിക്കുന്നത്.