കർണാടകയിൽ 37,000 പേർ കൊറോണ ബാധിച്ചു മരിച്ചു; ആരോഗ്യ മന്ത്രി കെ സുധാകർ

കർണാടകയിൽ കൊറോണ മൂലം 37,000 ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രി കെ സുധാകർ. സർക്കാറിന്റെ കണക്കുകൾ പ്രകാരം 2020 മാർച്ച് മുതൽ 2021 ഓഗസ്റ്റ് 31 വരെ 37,423 ആളുകൾ കൊറോണ ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 9.4 ലക്ഷം ആളുകളാണ് കർണാടകയിൽ വിവിധ കാരണങ്ങളാൽ മരിച്ചത്. ജനന മരണ രജിസ്‌ട്രേഷനിലെ റിപ്പോർട്ടുകൾ പ്രകാരം മറ്റ് നിരവധി രോഗങ്ങളും ആളുകളുടെ മരണത്തിന് കാരണമാകുന്നുണ്ട്.

രോഗങ്ങൾ വന്നാലും ഗ്രാമപ്രദേശങ്ങളിലെ പലരും പരിശോധനയ്‌ക്കായി പോകാറില്ല. പലരും കൊറോണ ഭയന്ന് ആത്മഹത്യ ചെയ്യുകയാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. കൊറോണയുടെ ആദ്യ തരംഗം മുതൽ സർക്കാർ മരണ ഓഡിറ്റ് നടത്തുന്നുണ്ട്. കൊറോണ ബാധിച്ച് ആശുപത്രിയിലെത്താതെ മരണമടഞ്ഞവരുടെയും ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തവരുടെയും കേസുകൾ പൂർണമായി കണ്ടെത്തുന്നത് സാങ്കേതികമായി ബുദ്ധിമുട്ടാണെന്നും മന്ത്രി അറിയിച്ചു.