5 ഹൈക്കോടതി ജഡ്ജിമാർ സുപ്രീം കോടതി ജസ്റ്റിസുമാരായി തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി. അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജസ്റ്റിസുമാരാക്കാ നുള്ള കൊളീജിയം ശുപാർശക്ക് കേന്ദ്ര സർക്കാരിന്റെ അം​ഗീകാരം. രാജസ്ഥാൻ, പട്ന, മണിപുർ, അലഹബാദ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെയാണ് സുപ്രീം കോടതി ജസ്റ്റിസുമാരായി നിയമിക്കുന്നത്. പുതിയ അഞ്ച് ജഡ്‍ജിമാരുടെ നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. നിയമനത്തിന് കൊളീജിയം ശുപാര്‍ശക്ക് നിയമന ഉത്തരവ് പുറത്തിറങ്ങി.

രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, പട്ന ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള, മണിപുർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പിവി സഞ്ജയ് കുമാർ, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെയാണ് സുപ്രീം കോടതി ജസ്റ്റിസുമാരാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പിട്ട് വിജ്ഞാപനം ഇറങ്ങി.

കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ഉറപ്പ് കേന്ദ്രം കോടതിയില്‍ നല്‍കിയിരുന്നു. കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകള്‍ക്ക് അംഗീകാരം നല്‍കുന്നത് വൈകുന്നതുമായി ബന്ധപ്പട്ട് സുപ്രീംകോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഉടന്‍ തീരുമാനം കൊള്ളുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നതുമാണ്. പുതിയ ജഡ്ജിമാർ തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും.