സംസ്ഥാനസർക്കാർ സിൽവർലൈനിനായി ഇതുവരെ ചിലവഴിച്ചത് 51 കോടി

തിരുവനന്തപുരം: സംസ്ഥാനസർക്കാർ സിൽവർലൈനിനായി ഇതുവരെ 51 കോടിരൂപ ചിലവാക്കിയതായി കണക്കുകൾ. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായ സിസ്ട്രയ്ക്കാണ് ഇതിലേറെയും നല്‍കിയിരിക്കുന്നത്. റവന്യുവകുപ്പും കെ റെയിലും വിവരാവകാശ അപേക്ഷകള്‍ക്ക് നല്‍കിയ മറുപടികള്‍ പരിശോധിച്ചാണ് ഈ വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്.

ഒക്ടോബര്‍ അവസാനം വരെ ചെലവഴിച്ച തുകയുടെ കണക്കാണ് ഇത്. വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയ സിസ്ട്രയ്ക്ക് കണ്‍സള്‍ട്ടന്‍സി തുകയായി ഇതുവരെ നല്‍കിയത് 29 കോടി 29 ലക്ഷം രൂപ. ഭൂമിയേറ്റെടുക്കാന്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചതിനും ഓഫീസുകള്‍ തുറന്നതിനും വാഹനങ്ങളോടിച്ചതിനും ഉള്‍പ്പടെ റവന്യൂവകുപ്പ് 16 കോടി 75 ലക്ഷം ചെലവാക്കി. അലൈന്‍മെന്‍റ് തയ്യാറാക്കുന്നതിന് മുന്നോടിയായി നടത്തിയ ലിഡാര്‍ സര്‍വേയ്ക്ക് രണ്ടുകോടി.

എത്രപേര്‍ യാത്രചെയ്യുമെന്നറിയാന്‍ നടത്തിയ ട്രാഫിക് സര്‍വേയ്ക്ക് 23 ലക്ഷം. ഹൈഡ്രോഗ്രാഫിക്–ടോപോഗ്രാഫിക് സര്‍വേയ്ക്ക് 14.6 ലക്ഷം. മണ്ണുപരിശോധനയ്ക്ക് 75 ലക്ഷവും ജിയോ ടെക്നിക്കല്‍ ഇന്‍വെസ്റ്റിഗേഷന് 10 ലക്ഷവും ചെലവായി. തുടക്കത്തില്‍ നടത്തിയ ദ്രുതപാരിസ്ഥിതിക ആഘാത പഠനത്തിന് 10 ലക്ഷവും പിന്നീട് പാരിസ്ഥിതിക ആഘാതപഠനത്തിന് 40 ലക്ഷവും ചെലവായി. എന്നുവരുമെന്ന് ആര്‍ക്കുമറിയാത്ത സില്‍വര്‍ലൈന്‍ പദ്ധതിക്കായാണ് ഇത്രയും കോടികൾ സംസ്ഥാന സർക്കാർ ചിലവഴിച്ചിരിക്കുന്നത്.