അഞ്ചാം ക്ലാസ്സുകാരി വിദ്യാര്‍ത്ഥിനിയെ ചെരിപ്പ് മാലയണിയിച്ച് നടത്തി; ഹോസ്റ്റൽ സൂപ്രണ്ടന്റിന്റെ ജോലി തെറിച്ചു

 

വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള ഹോസ്റ്റലില്‍ ആദിവാസി വിദ്യാര്‍ത്ഥിനിയെ ചെരുപ്പ് മാല അണിയിച്ച് അപമാനിച്ചു. 400 രൂപ മോഷണം നടത്തിയെന്നാരോപിച്ച് ആണ് ഹോസ്റ്റൽ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കുട്ടിയുടെ കഴുത്തില്‍ ചെരിപ്പ് മാല അണിയിച്ച് മറ്റുള്ളവരുടെ മുന്നിലൂടെ നടത്തിയത്. മധ്യപ്രദേശിലെ ബേതൂള്‍ ജില്ലയിലെ ഹോസ്റ്റലിലാണ് സംഭവം നടന്നത്. തുടര്‍ന്ന് ലഭിച്ച പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഒരാഴ്ച മുമ്പ് ബേതൂള്‍ ജില്ലയിലെ ദാമാജിപുരയിലുള്ള ഹോസ്റ്റലിൽ ആണ് സംഭവം നടന്നത്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെയാണ് ഹോസ്റ്റല്‍ അധികൃതർ ഉള്‍പ്പടെ ചേര്‍ന്ന് ഇത്തരത്തില്‍ അപമാനിക്കുന്നത് സംഭവം പുറത്തായതിനെത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ജില്ലാ കളക്ടര്‍ അമന്‍വീര്‍ സിംഗ് ബെയ്ന്‍സിന് പരാതി നല്‍കി. കുട്ടിയുടെ പിതാവില്‍ നിന്നും സംഭവത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ കളക്ടര്‍ കേസ് വിശദമായി അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍ക്കുകയായിരുന്നു.

ക്രൂരതയ്ക്ക് നേതൃത്വം നല്‍കിയ വനിതാ ഹോസ്റ്റല്‍ സൂപ്രണ്ടിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ഗോത്രവിഭാഗ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടർന്ന് അറിയിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം കുട്ടിയെ കാണാനായി ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് കുട്ടി വിവരം പറയുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഹോസ്റ്റലിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ 400 രൂപ കാണാതായി. അത് മോഷ്ടിച്ചത് തന്റെ മകളാണെന്ന് സംശയിച്ചായിരുന്നു ഈ ക്രൂരത. മകളുടെ മുഖം വികൃതമായ രീതിയില്‍ മേക്കപ്പ് ചെയ്ത ശേഷം ചെരിപ്പ് മാല ധരിപ്പിച്ച് മറ്റുള്ളവരുടെ മുന്നിലൂടെ നടത്തുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞിട്ടുണ്ട്.

സംഭവത്തിന് ശേഷം ഹോസ്റ്റലില്‍ കഴിയാന്‍ തനിക്ക് കഴിയില്ലെന്ന് മകള്‍ പറഞ്ഞതായി പിതാവ് വ്യക്തമാക്കി. തുടര്‍ന്നാണ് പിതാവ് പരാതി നൽകുന്നത്. കുട്ടിയെ അപമാനിച്ച ഹോസ്റ്റല്‍ സൂപ്രണ്ടന്റിനെ ആ സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് ഗോത്രവിഭാഗം വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ശില്‍പ്പ ജെയിന്‍ പറഞ്ഞു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.