സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ 80 എംഎല്‍എമാര്‍ രാജി വെക്കും; രാജസ്ഥാനില്‍ രാഷ്ട്രീയ ട്വിസ്റ്റ്‌

ജയ്‍പൂര്‍: രാജസ്ഥാനില്‍ നിയമസഭാകക്ഷിയോഗം ഉടന്‍ ചേരും. 87 എംഎല്‍എമാര്‍ അശോക് ഗെലോട്ടിേന് പിന്തുണയറിയിച്ചു.സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 80 എംഎല്‍എമാര്‍ രാജിക്കൊരുങ്ങി. സച്ചിന്‍ പൈലറ്റും യോഗത്തില്‍ പങ്കെടുക്കും. നേതൃമാറ്റം ഇപ്പോള്‍ വേണ്ടെന്നാണ് ഗെലോട്ട് പക്ഷം പറയുന്നത്. മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നും ഗെലോട്ട് വിഭാഗം പറയുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയെന്നാണ് എംഎല്‍എമാരുടെ ഭീഷണി. നിലപാട് സ്‍പീക്കറെ അറിയിക്കാനാണ് നീക്കം.

അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പദം അശോക് ഗെലോട്ടിനെ കൊണ്ട് രാജി വെപ്പിച്ച് സച്ചിന്‍ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഗാന്ധി കുടുംബത്തിന്‍റെ ശ്രമം. തര്‍ക്കം ഒഴിവാക്കണമെന്ന നേതൃത്വത്തിന്‍റെ നിര്‍ദ്ദേശമുള്ളപ്പോള്‍ ഗെലോട്ട് പക്ഷം രണ്ടുതവണ യോഗം ചേര്‍ന്നു. ബിജെപിയോട് ചേര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സച്ചിന്‍ നടത്തിയ നീക്കങ്ങള്‍ മറന്നിട്ടില്ലെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്.

അശോക് ഗഹ്‌ലോത് മുഖ്യമന്ത്രി പദത്തില്‍ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരാക്കുകയോ വേണമെന്ന് ഇവര്‍ പ്രമേയം പാസാക്കിയിട്ടുമുണ്ട്. സച്ചിന്‍ പൈലറ്റിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഗഹ് ലോത് അനുകൂലികള്‍.