കുടുതൽ വായ്പ എടുക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കത്തിന് തിരിച്ചടി, 8000 കോടി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു

തിരുവനന്തപുരം. കൂടുതല്‍ വായ്പ എടുക്കുവാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. വായ്പ എടുത്തുമാത്രമാണ് നിലവില്‍ ഉദ്യോഗസ്ഥരുടെ അടക്കം ശമ്പളം സര്‍ക്കാര്‍ നല്‍കുന്നത്. കേരളത്തിന് വായ്പ എടുക്കുവാന്‍ സാധിക്കുന്ന തുകയില്‍ വലിയതോതിലാണ് കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്. 8000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കടം എടുക്കാന്‍ സാധിക്കുന്ന തുകയില്‍ നിന്നും കുറച്ചത്.

ഇതോടെ 15390 കോടി മാത്രമാണ് സംസ്ഥാനത്തിന് ഇനി കടം എടുക്കുവാന്‍ സാധിക്കുക. കഴിഞ്ഞ വര്‍ഷം 23000 കോടി കേരളം വായ്പ എടുത്തിരുന്നു. കേരളം ജിഎസ്ടിയുടെ മൂന്ന് ശതമാനം വായ്പ എടുക്കുവാന്‍ സാധിക്കും എന്ന പ്രതീക്ഷയിലായിരുന്നു. വായ്പ എടുക്കുവാന്‍ സാധിക്കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കണമെന്ന് കാട്ടി കേന്ദ്രത്തിന് കേരളം കത്ത് നല്‍കിയിരുന്നു.

കേരളം വായ്പയ്ക്കുള്ള അനുമതി പത്രം ആവശ്യപ്പെട്ടതിന് പിന്നാലെ കേന്ദ്രം വലിയതോതില്‍ തുക വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതിനോടകം കേരളം 2000 കോടി വായ്പ എടുത്തുകഴിഞ്ഞു. ഇനി ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാന്‍ സാധിക്കുക 13390 കോടി മാത്രമാണ്. കേരളത്തിന് ചെലവുകള്‍ക്ക് അനുസരിച്ച് വരുമാനം ഇല്ലാത്തതും വായ്പ എടുക്കുവാന്‍ സാധിക്കില്ലാത്തതും സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്കാണ് കൊണ്ടുചെന്ന് എത്തിക്കുക. നികുതി വര്‍ധിപ്പിച്ചതിനാല്‍ ചെറിയ വരുമാന വര്‍ധനവ് സംസ്ഥാനത്തിന് ലഭിക്കും.