പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ് കണ്ടെത്തിയത്.

ട്യൂഷന് പോകുന്നു എന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാൽ കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ‌ കഴിഞ്ഞില്ല. തുടർന്ന് കീഴ്‌വായ്‌പൂർ പൊലീസിൽ കുടുംബം പരാതി നൽകി.

ചെന്നൈ- ഗുരുവായൂർ എക്സ്പ്രസ്സിലെ യാത്രക്കാരനാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചായിരുന്നു കുട്ടി വീടുവിട്ട് പോയത്. ചങ്ങനാശ്ശേരിയിൽ നിന്നുള്ള സിസിടിവി ദൃശ്യം മാത്രമായിരുന്നു പൊലീസിന് ലഭിച്ചത്. കുട്ടിയുടെ ദൃശ്യങ്ങളടക്കം വാർത്ത വന്നതോടെയാണ് ട്രെയിൻ യാത്രക്കാരൻ തിരിച്ചറിഞ്ഞത്.

കത്ത് ഇങ്ങനെ : ‘പ്രിയപ്പെട്ട അമ്മേ, അച്ഛാ ഞാൻ പോകുന്നു. എന്‍റെ സിനിമയിലേക്ക് എനിക്ക് കഥ എഴുതി പണം ഉണ്ടാക്കി നിങ്ങൾക്ക് 1,00,000 രൂപ തരാം. പക്ഷേ എനിക്ക് ഒരു സാവകാശം വേണം. ഒരു വർഷം. എനിക്ക് ഇച്ചിരെ പൈസ വേണം. ഞാൻ ഇവിടെ ജോലി ചെയ്‌ത് ഉണ്ടാക്കണം. എനിക്ക് ജീവിച്ച് കാണിക്കണം. നിങ്ങൾക്ക് എന്നെ കാണണം എങ്കിൽ ഒരു 5 വർഷം കഴിഞ്ഞ് ടിവിയിൽ കാണാം. ഞാൻ എന്‍റെ വാക്ക് അവസാനിപ്പിക്കുന്നു. ഞാൻ വരുമ്പോൾ നിങ്ങൾ കുടുംബത്തിൽ നിൽക്കണം. ഓക്കെ ബൈ’ – എന്നാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പിൽ എഴുതിയിരിക്കുന്നത്.