നവദമ്പതികൾ താമസിച്ചിരുന്ന വീടിനു വിവാഹ ദിവസം രാത്രിയിൽ തീപിടിച്ച് 19കാരിയായ നവവധുവിന് ദാരുണാന്ത്യം

യുഎസിലെ വിസ്‌കോൺസിനിൽ ആണ് വീടിന് തീപിടിച്ച് 19 വയസ്സുള്ള വധു മരണപ്പെട്ടത്. വിവാഹ ദിവസം രാത്രിയിലായിരുന്നു സംഭവം. മെയ് 23 ന് പുലർച്ചെ 4 മണിയോടെ റീഡ്‌സ്‌ബർഗിലെ വീടിന്റെ രണ്ടാമത്തെ നിലയ്ക്ക് തീപിടിക്കുന്നത്. ഈ സമയം മുറിയിൽ ഉറങ്ങുകയായിരുന്നു റൂഡി. പുക ശ്വസിച്ചതിനെ തുടർന്ന് മാരകമായ മസ്തിഷ്ക രക്തസ്രാവം ഉണ്ടാകുകയും അടുത്ത ദിവസം ആശുപത്രിയിൽ വച്ച് മരണപ്പെടുകയും ആയിരുന്നു.

തിങ്കളാഴ്ചയായിരുന്നു വരൻ ലോഗൻ മിച്ചൽ കാർട്ടറുമായുള്ള റൂഡിയുടെ വിവാഹം നടന്നത്. അടുത്ത ദിവസം വിവാഹ പാർട്ടിയും പ്ലാൻ ചെയ്തിരുന്നു. അഗ്നിബാധയിൽ കടുത്ത പുക ഉയർന്നതിനാൽ റൂഡിക്ക് രക്ഷപ്പെടാനായില്ലെന്ന് പ്രാദേശിക അഗ്നിശമന വിഭാഗം പറഞ്ഞിരിക്കുന്നു. ദമ്പതികൾ താമസിച്ചിരുന്ന വീട് വരന്റെ മുത്തശ്ശിമാരുടേതായിരുന്നു. വീട്ടിൽ സ്മോക്ക് ഡിറ്റക്ടറുകൾ ഉണ്ടായിരുന്നില്ല.

റൂഡിയുടെ മരണ കാരണം പുക ശ്വസിച്ചാണെന്നു പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. സംശയാപ്ദമായി ഒന്നുമില്ലെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്.

തീ പിടിക്കുമ്പോൾ മൂന്ന് പേരാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ നാല് മണിയോടെ ഫയർഫോഴ്‌സ് സംഭവസ്ഥലത്ത് എത്തിയിരുന്നു. 2022 ജൂണിൽ റീഡ്‌സ്‌ബർഗ് ഏരിയ ഹൈസ്‌കൂളിൽ നിന്നാണ് റൂഡി ബിരുദം നേടുന്നത്. മാഡിസൺ ഏരിയ ടെക്‌നിക്കൽ കോളേജിൽ വെറ്റ് ടെക് പ്രോഗ്രാമിൽ ചേരാൻ പദ്ധതിയിട്ടിരുന്നതാണ് റൂഡി.