38കാരിയായ ആദിവാസി സ്ത്രീയെ ജീവനോടെ തീ കൊളുത്തി, വേദനയും പുളച്ചിലും നിലവിളിയും വീഡിയോ പകർത്തി.

 

ഭോപ്പാല്‍/ ഭൂമി കയ്യേറാനുള്ള ഒരു സംഘം ആളുകളുടെ ശ്രമം തടഞ്ഞ 38കാരിയായ ആദിവാസി സ്ത്രീയെ ജീവനോടെ തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ തീ കൊളുത്തിയ ശേഷം വീഡിയോ പകര്‍ത്തിയതായി ഭര്‍ത്താവ് ആരോപിക്കുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഗുണ ജില്ലയില്‍ നിന്നുള്ള റാംപ്യാരി സഹരിയ എന്ന ആദിവാസി യുവതിയാണ് അക്രമത്തിനിരയായി ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുന്നത്. സര്‍ക്കാരിന്റെ ക്ഷേമപദ്ധതി പ്രകാരം സഹരിയയുടെ കുടുംബത്തിന് അനുവദിച്ച 6 സെന്റ് ഭൂമിയില്‍ കൃഷിയിറക്കിയതിന് ഒബിസി വിഭാഗത്തില്‍പ്പെട്ട മൂന്ന് പേര്‍ ചേര്‍ന്ന് സഹരിയ തീകൊളുകയായിരുന്നു എന്നാണ്‌ പോലീസ് പറയുന്നത്.

ഗ്രാമവാസി പ്രതാപ്, ഹനുമത്ത്, ശ്യാം കിരാര്‍ എന്നിവര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ട്രാക്ടറില്‍ രക്ഷപെടുന്നത് കണ്ടതായി ഭര്‍ത്താവ് അര്‍ജുന്‍ സഹരിയ പറഞ്ഞു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ ചേര്‍ന്നാണ് യുവതിയെ തീ കൊളുത്തിയതെന്നും അതിന് പിന്നാലെ ഓടിരക്ഷപ്പടുകയായിരുന്നെന്നും പരിക്കേറ്റ യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അര്‍ജുന്‍ സഹരിയയുടെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായും രണ്ടുപേരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് ഓഫീസര്‍ പങ്കജ് ശ്രീവാസ്തവ അറിയിച്ചു. മൂന്ന് പേരുടെയും കുടുംബത്തില്‍ നിന്നും തന്റെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് അര്‍ജുന്‍ സഹരിയ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.