ഗാര്‍ഹികപീഡനം: വീട്ടുവേലയ്ക്ക് നിര്‍ത്തിയ കുട്ടിയുടെ ദേഹത്ത് ഡോക്ടറും ഭാര്യയും ചേര്‍ന്ന് തിളച്ചവെള്ളം ഒഴിച്ച് പൊള്ളിച്ചു

ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. അസമിലെ ദിബ്രുഗ്രാ ജില്ലയിലാണ് സംഭവം. വീട്ടുവേലയ്ക്ക് നിര്‍ത്തിയ കുട്ടിയുടെ ദേഹത്ത് ഡോക്ടറും ഭാര്യയും ചേര്‍ന്ന് ദേഹത്ത് തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. കുട്ടിക്ക് പന്ത്രണ്ട് വയസ്സ് മാത്രമേ പ്രായമുള്ളൂ.

ജോലി കഴിഞ്ഞ് കുട്ടി വിശ്രമിക്കാന്‍ കിടന്നപ്പോഴാണ് സംഭവം നടന്നത്. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെയും കോളേജ് പ്രിന്‍സിപ്പലായ യുവതിയ്‌ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇരുവരും ഒളിവിലാണെന്ന് പോലീസ് പറയുന്നു.

സിദ്ധി പ്രസാദ് ദ്വരി അസമിലെ റിട്ട.ഡോക്ടറാണ്. അസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറായിരുന്നു. മോറാന്‍ കോളേജിലെ പ്രിന്‍സിപ്പലാണ് മഞ്ജുള മോറാന്‍. ഇരുവരും ചേര്‍ന്ന് കുട്ടിയെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിക്കുകയായിരുന്നു. കുട്ടിയുടെ ദേഹം മുഴുവന്‍ പൊള്ളിയ പാടുകളുമുണ്ട്.

ജില്ലയിലെ ശിശുക്ഷേമ സമിതി ആണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. അജ്ഞാതനാണ് സംഭവം വിളിച്ചറിയിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 29 നാണ് സംഭവം നടക്കുന്നത്. കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.