സ്വകാര്യ ട്യൂഷൻ സെന്റർ നടത്തി വന്ന സർക്കാർ അധ്യാപകൻ വിജിലൻസ് പിടിയിലായി

സർവീസ് ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ ട്യൂഷൻ സെന്റർ നടത്തി വന്ന സർക്കാർ അധ്യാപകൻ വിജിലൻസ് പിടിയിലായി. പെരിങ്ങത്തൂർ എൻ എ എം സ്കൂളിലെ അധ്യാപകൻ സമീറാണ് പിടിയിലായത്. തലശ്ശേരി കായത്ത് റോഡിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ക്ലാസ്സ് എടുക്കുമ്പോൾ വിജിലൻസ് എത്തി കൈയ്യോടെ പിടികൂടുകയായിരുന്നു. സർക്കാർ അധ്യാപകർ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത് നിയമ വിരുദ്ധമാണ്. അതിനാലാണ് നടപടി.

സമീറിന്റെ ബന്ധുവിന്റെ പേരിൽ രജിസ്റ്റർ ചെയ്തതായിരുന്നു സെൻ്റർ. പെരിങ്ങത്തൂരിൽ സമീർ സ്വന്തമായി ട്യൂഷൻ സെന്റർ നടത്തി വരുന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. സർവീസ് ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് സംസ്ഥാനത്ത് നിരവധി അധ്യാപകരാണ് ട്യൂഷൻ സെന്ററുകളിൽ അധ്യാപനം നടത്തി വരുന്നത്. അധിക വരുമാനമാണ് ഇക്കൂട്ടർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

നാല്പത്തിനായിരവും അൻപതിനായിരവും സർക്കാർ ശമ്പളം വാങ്ങുന്ന അധ്യാപകർ ഇത്തരത്തിൽ മണിക്കൂറിനു 250 രൂപ മുതൽ 750 രൂപ വരെ നിരക്കിൽ പുറത്ത് ക്ലാസെടുത്ത് പണം ഉണ്ടാക്കുകയാണ്. നമ്മുടെ മാഷല്ലേ? നമ്മുടെ ടീച്ചറല്ലേ? എന്ന അനുകമ്പയിൽ ഇതറിയുന്ന നാട്ടുകാരും പരാതിപ്പെടാറില്ല.