പണം വാ​ഗ്ദാനം ചെയ്ത് പോലിസിനോട് കഞ്ചാവിനായി കേണപേക്ഷിച്ച് 45കാരൻ

ഷൊർണൂർ റെയിൽവേസ്റ്റേഷനിൽ നിന്ന് കഴിഞ്ഞ ദിവസം കഞ്ചാവടങ്ങിയ ബാഗ് കണ്ടെത്തി. പിന്നാലെ പോലീസിനെ ചുറ്റിപ്പറ്റി 45 വയസ്സോളം തോന്നിക്കുന്ന മുഷിഞ്ഞ ഷർട്ടും പാന്റ്സും ധരിച്ചയാൾ എത്തി. പോലിസ് ബാ​ഗ് തുറന്ന് കഞ്ചാവ് പുറത്തേക്കിട്ടതോടെ സംസാരശേഷിയില്ലാത്തയാൾ പൊലിസിനോട് കഞ്ചാവ് ചോദിച്ചു.

കൈയിലുണ്ടായിരുന്ന പണം പോലീസുകാർക്ക് വാഗ്ദാനം ചെയ്ത് പോലിസിനോട് യുവാവ് കഞ്ചാവ് ചോദിച്ചു. 500 രൂപ നീട്ടിയാണ് ഒരല്പം കഞ്ചാവ് വേണമെന്ന് പോലീസിനോട്‌ ആവശ്യപ്പെട്ടത്‌.

20 മിനിറ്റോളം ഈ രൂപയുമായി എല്ലാ പോലീസുകാരുടെ അടുത്തും മാറിമാറി യാചിച്ചു. പോലീസുകാരുടെ കാൽ പിടിക്കലും തൊഴുത് അപേക്ഷിക്കലുമെല്ലാം ഇതിനിടെയുണ്ടായി. മാറിയിരിക്കാനാവശ്യപ്പെട്ടപ്പോൾ അനുസരണയോടെ അടുത്ത് മാറിയിരുന്നു. വീണ്ടും അക്ഷമനായി കഞ്ചാവിനടുത്തേക്ക്.

ആദ്യം 500 നൽകിയിട്ടും പ്രതികരിക്കാതെയായപ്പോൾ 700 രൂപ നൽകാമെന്നായി ഒടുവിൽ. പോലീസുകാർ വീണ്ടും വിരട്ടിയോടിക്കാൻ ശ്രമിച്ചു. ഒരു പൊടിയെങ്കിലും കിട്ടുമെന്ന് കരുതി കഞ്ചാവ് പോലീസ് കൊണ്ടുപോകും വരെ കാത്തിരുന്നു. കഞ്ചാവെടുത്ത് പോയപ്പോൾ അത് കൂട്ടിയിട്ടിരുന്ന സ്ഥലത്ത് പൊടിയെങ്കിലുമുണ്ടാകുമെന്ന് കരുതി അവിടെ പരതുന്നതും കാണാമായിരുന്നു. ലഹരിയുപയോഗിച്ച് മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടൊരാളുടെ നേർചിത്രമായിരുന്നു യാത്രക്കാരും പോലീസും ആ പ്ലാറ്റ്ഫോമിൽ കണ്ടത്.