ക്രിമിനൽ കേസ് പ്രതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുര൦ നെയ്യാർ ഡാം സ്വദേശിയായ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാജിയെയാണ് തട്ടികൊണ്ടുപോയത്. തിരുവനന്തപുരം മാറന്നല്ലൂരിൽ ഷാജി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇടിച്ചു വീഴ്‌ത്തിയ ശേഷം സംഘം കാറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു.

ഷാജിയെ പിന്തുടർന്ന സംഘം ആദ്യം ഷാജി ഓടിച്ചിരുന്ന ആക്ടീവ സ്‌കൂട്ടർ ഇടിച്ചിട്ടു. നിലത്തുവീണ ഷാജിയെ മർദ്ദിച്ച ശേഷമാണ് കാറിൽ കയറ്റികൊണ്ടുപോയത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനമോടിച്ചിരുന്നത് ഷാജിയാണെന്ന് കണ്ടെത്തിയത്.

ഷാജി നിരവധിക്കേസിലെ പ്രതിയും പണം പലിശക്ക് കൊടുക്കുന്നയാളുമാണെന്ന് പോലീസ് പറയുന്നു. വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.