ഏകപക്ഷീയമായി വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീക്ക്അവകാശമുണ്ട് – ഹൈക്കോടതി

കൊച്ചി. ഏകപക്ഷീയമായി വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ആവർത്തിച്ച് കേരളാ ഹൈക്കോടതി. മുസ്ലീം സ്ത്രീക്ക് ഇസ്ലാമിക വിവാഹ മോചന മാർഗമായ ഖുലയെ ആശ്രയിക്കാനുള്ള അവകാശം കോടതി അംഗീകരിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് സി എസ് ഡയസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ഇത് ഇസ്ലാമിക നിയമം അംഗീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ നിയമം അറിയാത്ത മതപുരോഹിതന്മാരുടെ അഭിപ്രായങ്ങൾ പരി​ഗണിക്കില്ലെന്നും കോടതി പറഞ്ഞു.

“ഭർത്താവ് സമ്മതം നൽകാൻ വിസമ്മതിക്കുമ്പോൾ ഭാര്യയ്ക്ക് വിവാഹമോ ചനം തേടാം. ഇത് ഇസ്ലാം അനുവദിക്കുന്നുണ്ട്. മുസ്ലീം സമുദായത്തിലെ വ്യക്തിനിയമവുമായി ബന്ധപ്പെട്ട കേസിൽ നിയമപരിജ്ഞാനമില്ലാത്ത മുസ്ലീം പുരോഹിതരെ ആശ്രയിച്ച് വിധി പറയാനാകില്ലെന്നും കോടതി പറഞ്ഞു. ‘ഖുല’ ചൊല്ലി ഏകപക്ഷീയമായി വിവാഹമോചനം നേടാൻ മുസ്ലീം സ്ത്രീക്ക് അവകാശമുണ്ടെന്ന മുൻ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണം ഉണ്ടായിരിക്കുന്നത്. ശ്രദ്ധേയമായ പല പരാമർശങ്ങളും കേരളാ ഹൈക്കോടതി ഇതോടനുബന്ധിച്ച് നടത്തുകയുണ്ടായി.

സ്വന്തം ഇഷ്ടപ്രകാരം വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം വനിതകൾക്ക് അവകാശമുണ്ടെങ്കിലും ഭർത്താവിന് ‘തലാഖ്’ ചൊല്ലാനുള്ള അവകാശം പോലെ ‘ഖുല’ ചൊല്ലാൻ സ്ത്രീയ്ക്ക് അവകാശമില്ലെന്നു പറഞ്ഞാണ് ഭർത്താവ് പുനഃപരിശോധനാ ഹർജി സമർപ്പിക്കുകയായിരുന്നു. ഖുറാനിലെ രണ്ടാം അദ്ധ്യായത്തിലെ 229-ാം വാക്യത്തിൽ സ്ത്രീകൾക്ക് ഖുല ചൊല്ലാനുള്ള അവകാശം നൽകുന്നുണ്ടെങ്കിലും അതിനുള്ള ക‍ൃത്യമായ നടപടിക്രമം നിർദേശിക്കുന്നില്ലെന്നും ഹർജിക്കാരൻ വാദിക്കുകയുണ്ടായി.

“കോടതിക്ക് നിയമപരിജ്ഞാനമില്ലാത്ത മുസ്ലീം പുരോഹിതരുടെ അഭിപ്രായങ്ങളെ ആശ്രയിക്കാനാകില്ല. വിശ്വാസങ്ങളുമായും ആചാരങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ, അവരുടെ അഭിപ്രായം കോടതി മാനിക്കുന്നു. എന്നാൽ അവരുടെ കാഴ്ചപ്പാടുകളും കോടതിയുടെ കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കും”, ഹൈക്കോടതി നിരീക്ഷിച്ചു.

നിയമത്തിൽ യാതൊരു പരിജ്ഞാനവും ഇല്ലാത്ത ചില മുസ്ലീം പണ്ഡിതന്മാർ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരു പറഞ്ഞ് ഇസ്ലാമിക നിയമങ്ങൾ വിശദീകരിക്കാൻ തുടങ്ങിയതോടെയാണ് ഇക്കാര്യത്തിൽ ആശയക്കുഴപ്പങ്ങൾ ആരംഭിച്ചത്. മുസ്ലീം സമുദായത്തിനുള്ളിൽ സാമൂഹികവും സാംസ്കാരികവുമായ ഒരു ക്രമം സൃഷ്ടിക്കുന്നതിന് നിയമപരമായ ചില മാനദണ്ഡങ്ങൾ കൂടി പാലിക്കണമെന്നും കോടതി പറയുകയുണ്ടായി.