സഹപ്രവർത്തകർ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ അധ്യാപിക തിരുവനന്തപുരത്ത് കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം . സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ സഹപ്രവര്‍ത്തകര്‍ ഒരുക്കിയ വിരമിക്കല്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ വന്ന അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പന്‍കോട് ഗവ. വൊക്കേഷനൽ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ് അധ്യാപിക വി.ഐ.മിനി (56) ആണ് മരിച്ചത്.

കാരേറ്റ് പേടികുളം ശീമവിള വീട്ടിൽ വേണുകുമാറിന്റെ (KSEB) ഭാര്യയാണ് മിനി. ശനിയാഴ്ച ഉച്ചയോടെ വെഞ്ഞാറമൂട്ടിലെ ഭക്ഷണശാലയില്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ കാറില്‍ എത്തി സ്വീകരണ സ്ഥലത്തേക്ക് നടന്നു പോകവേ കുഴഞ്ഞുവീഴുകയാണ് ഉണ്ടായത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. മെയ് 31നു മിനി സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. മക്കൾ, പോളിടെക്നിക് വിദ്യാർഥി ജയശങ്കർ, ഡിഗ്രി വിദ്യാർഥിനി ഇന്ദുജ.