ഇസ്ലാം മതത്തിലേക്ക് മാറാൻ കാമുകൻ നിരന്തരം നിർബന്ധിക്കുന്നു, ‘ദ കേരള സ്റ്റോറി’ കണ്ട ശേഷം കാമുകനെതിരെ പരാതിയുമായി യുവതി

ബോക്‌സ് ഓഫീസ് ഹിറ്റായ ‘ദ കേരള സ്റ്റോറി’ കണ്ട ശേഷം തന്റെ കാമുകനെതിരെ പരാതിയുമായി യുവതി പോലീസിനെ സമീപിച്ചു. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ യുവതി രംഗത്ത് വന്നത്. തന്റെ ലിവ്ഇൻ പങ്കാളിയ്‌ക്കെതിരെ യുവതി പരാതി നൽകുകയായിരുന്നു.. ഇസ്ലാം മതത്തിലേക്ക് മാറാൻ കാമുകൻ തന്നെ നിരന്തരം നിർബന്ധിച്ച് കൊണ്ടിരിക്കുകയാണെന്നാണ് യുവതി നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. മുഹമ്മദ് ഫൈസൻ എന്ന യുവാവിനെതിരെയാണ് യുവതി പരാതി നൽകിയിട്ടുള്ളത്.

യുവതിയുമായി അടുത്ത ബന്ധം സ്ഥാപിച്ച ശേഷം മുഹമ്മദ് ഫൈസൻ ഇസ്ലാം മതത്തിലേക്ക് മാറണമെന്ന് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇരുവരും ‘ദി കേരള സ്റ്റോറി’ ഒരുമിച്ചാണ് കാണുന്നത്. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് യുവതി ഫൈസനോട് ചില സംശയങ്ങൾ ചോദിച്ചിരുന്നു. തുടർന്ന് മുഹമ്മദ് ഫൈസൻ ദേഷ്യപ്പെടുകയും തന്നെ മർദിക്കുകയും ചെയ്തുവെന്നും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്. പോലീസ് പറയുന്നതനുസരിച്ച്, ഫൈസൻ തൊഴിൽരഹിതനാണ്. യുവതിയുടെ ശമ്പളത്തിലാണ് ഇരുവരും ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്.

ഒരു പരിശീലന കേന്ദ്രത്തിൽ വെച്ചാണ് യുവതി മുഹമ്മദ് ഫൈസനുമായി പരിചയപ്പെടുന്നത്. ഈ ബന്ധം പ്രണയമായി വളരുന്നു. തുടർന്ന് ഇരുവരും ഒളിച്ചോടി. കഴിഞ്ഞ ഏഴെട്ട് മാസമായി ഇരുവരും ഒന്നിച്ച് ഇൻഡോറിലെ നന്ദ നഗറിലാണ് താമസിച്ചിരുന്നത്. അതേസമയം ‘ദ കേരള സ്റ്റോറി’ യാഥാർത്ഥ്യം തിരിച്ചറിയാൻ പെൺകുട്ടികളെ സഹായിച്ചുവെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറയുകയുണ്ടായി. സത്യം മനസിലാക്കിയത് കൊണ്ടാണ് യുവതി പോലീസിനെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2021ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരം മുഹമ്മദ് ഫൈസനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമാണ് ദി കേരള സ്റ്റോറിയെന്നും ഭാവിയിൽ നിരവധി പെൺകുട്ടികൾ നീതി തേടി വരുമെന്ന് പ്രതീക്ഷിക്കുന്നതായും നരോത്തം മിശ്ര പറഞ്ഞു. ‘ലൗ ജിഹാദുമായി ബന്ധപ്പെട്ട പരാതികൾ വരികയാണെങ്കിൽ ഇരകൾക്ക് നീതി ലഭിക്കും വരെ കൂടെ നിൽക്കാൻ വനിതാ ഡെസ്‌കിന് നിർദേശം നൽകിയിട്ടുണ്ട്. അവർക്ക് കൗൺസിലിംഗ് നൽകാനും നിർദേശം നൽകിയിട്ടുണ്ട്’ – നരോത്തം മിശ്ര പറഞ്ഞു.

ആദാ ശർമ്മ പ്രധാന വേഷത്തിലെത്തിയ ‘ദി കേരള സ്റ്റോറി’ (The Kerala Story) ഇപ്പോഴും തിയേറ്ററുകൾ നിറഞ്ഞ സദസിൽ ഓടുകയാണ്. സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം 2023 മെയ് 5 ന് പുറത്തിറങ്ങിയതിനു മുൻപും ശേഷവും ഏറെ കോളിളക്കം ഉണ്ടാക്കിയിരുന്നു. കേരളത്തിൽ നിന്നുള്ള ഹിന്ദു സ്ത്രീകളെ മതപരിവർത്തനം ചെയ്യുകയും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയയിലേക്ക് (ഐഎസ്‌ഐഎസ്) കടത്തുകയും ചെയ്ത കഥകളാണ് കേരള സ്റ്റോറി പറയുന്നത്.