മദ്യകുംഭകോണത്തിന് പിന്നാലെ വൈദ്യുതി കുംഭകോണത്തില്‍ കുരുങ്ങി ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മദ്യകുംഭകോണത്തിന് പിന്നാലെ വൈദ്യുതി കുംഭകോണത്തില്‍ കുരുങ്ങി ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍. വൈദ്യുതി സബ്‌സിഡി പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ വി കെ സക്‌സേന ഡല്‍ഹി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.വൈദ്യുതി സബ്‌സിഡി പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി തനിക്ക് പരാതി ലഭിച്ചതായി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ വി കെ സക്‌സേന വ്യക്തമാക്കി.ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭ്യമാക്കുന്ന 2018 ഫെബ്രുവരി 19ലെ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് നടപ്പിലാക്കാത്തത് എന്തു കൊണ്ടാണെന്ന് ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിച്ചു.

ജനങ്ങളില്‍ നിന്നും ലേറ്റ് പേയ്‌മെന്റ് സര്‍ചാര്‍ജ്ജ് എന്ന തരത്തില്‍ 18 ശതമാനം തുക പിരിച്ചെടുത്ത കമ്പനികള്‍, സര്‍ക്കാരിന്റെ വൈദ്യുതോത്പാദന കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത് 12 ശതമാനം തുക മാത്രമാണ്. ഈ വകയില്‍, സര്‍ക്കാരിന് 8,500 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നതാണ് മറ്റൊരു പരാതി.

വൈദ്യുതി കമ്പനികളായ ബി എസ് ഇ എസ് രാജധാനി, ബി എസ് ഇ എസ് യമുന തുടങ്ങിയവ ഡല്‍ഹി സര്‍ക്കാരിന് 21,250 കോടി രൂപ നല്‍കാനുണ്ട്. എന്നാല്‍, ഈ തുക പിരിച്ചെടുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുമില്ല.അതേസമയം കൃത്യമായ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ടാറ്റ പവര്‍ പോലെയുള്ള കമ്പനികള്‍ക്ക് സര്‍ക്കാര്‍ യാതൊരു തരത്തിലുള്ള ഇളവുകളും നല്‍കിയില്ലെന്നും വിവരാവകശ രേഖ യില്‍ ചൂണ്ടിക്കാട്ടുന്നു.