ബംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: ബംഗളൂരു നൈസ് റോജിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് ഇലക്ട്രോണിക് സിറ്റിക്ക് സമീപം അപകടമുണ്ടായത്. രണ്ട് കണ്ടെയ്‌നര്‍ ലോറികളും കാറുകളുമാണ് അപകടത്തില്‍ പെട്ടത്. മരിച്ചത് ഐടി കമ്പനി ജീവനക്കാരാണെന്നാണ് വിവരം.

കൊച്ചി തമ്മനം ചന്ദ്രമതി ലൈനില്‍ കെ ശില്‍പ(30). ബൊമ്മനഹള്ളിയില്‍ താമസിക്കുന്ന കോഴിക്കോട് പറമ്പത്ത് തലക്കുളത്തൂര്‍ റാഹത്ത് പിലാക്കിയില്‍ റഹീമിന്റെ മകന്‍ ഫാദഗില്‍(24) എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. മരിച്ച മറ്റ് രണ്ട് പേരും മലയാളികളാണെന്ന് പറയപ്പെടുന്നു. ഇവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കേരള രജിസ്‌ട്രേഷനിലുള്ള കാറിന് പിന്നില്‍ കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന് സ്‌കോര്‍പിയോ കാറിലേക്ക് മലയാളികളുടെ കാര്‍ ഇടിച്ചു കയറി. സ്‌കോര്‍പിയോ മുന്നിലുണ്ടായിരുന്ന കണ്ടെയ്‌നര്‍ ലോറിയിലേക്കും ഇടിച്ചു. കാറിലുണ്ടായിരുന്ന നാല് പേരും സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.