മെഡിക്കൽ വിദ്യാർത്ഥിയുടെ അപകട മരണം: സഹപാഠിയുടെ അപകടകരമായ ഡ്രൈവിംഗ് മൂലം, അറസ്റ്റ്

മലപ്പുറം . ബൈക്കുകളും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ ബൈക്കോടിച്ച സഹപാഠി അപകടം ഉണ്ടാക്കും വിധമാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് പോലീസ്. കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ തിരൂര്‍ക്കാട്ട് ബൈക്കുകളും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച സഹപാഠിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

തൃശൂര്‍ വന്നുക്കാരന്‍ അശ്വിന്‍ (21)ന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 6.50നാണ് ദേശീയ പാതയില്‍ തിരൂര്‍ക്കാട് ഐടിസിക്ക് സമീപം വെച്ച് അപകടം ഉണ്ടാവുന്നത്. സംഭവത്തില്‍ എംഇഎസ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയായ അല്‍ഫോന്‍സ (22) ആണ് മരണപ്പെട്ടത്. ഇരുവരും സഞ്ചരിച്ച ബൈക്ക് വളവില്‍വെച്ച് മറ്റൊരു ബൈക്കിലും ബസിലും ഇടിക്കുകയായിരുന്നു.

അശ്രദ്ധമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിനാണ് അശ്വിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ് ആശുപത്രിയിലായ അശ്വിന്‍ ആശുപത്രി വിട്ടതിന് പിറകെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അശ്വിനും അല്‍ഫോണ്‍സയും കോഴിക്കോട് നിന്നും വരുന്ന വഴിയാണ് അപകടം ഉണ്ടാവുന്നത്. മരിച്ച അല്‍ഫോന്‍സയും ബൈക്കോടിച്ചിരുന്ന അശ്വിനും പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളാണ്. ആലപ്പുഴ വടക്കല്‍ പൂമതൃശ്ശേരി നിക്സന്റെ മകളാണ് മരണപ്പെട്ട അല്‍ഫോന്‍സ.