ബീഡി വാങ്ങിയ കാശ് കൊടുക്കാൻ പ്രതി, പറ്റില്ലെന്ന് പോലീസ് ,നീ ബീഡീം തരില്ല കാശും കൊടുക്കില്ല-കരണകുറ്റിക്ക് അടി

മൂവാറ്റുപുഴ: പ്രതികളെ പിടകൂടുന്നതിനേക്കാള്‍ വലിയ പാടാണ് പ്രതികളെ കോടതിയില്‍ എത്തിക്കുന്നതും തുടർന്ന് അവർക്ക് ഒപ്പം ഉള്ള പോലീസ് ഉദ്യോഗസ്ഥരുടെ യാത്രകളും.  ഏവരെയും ഞെട്ടിച്ചത് റിമാന്‍ഡ് പ്രതിയും പോലീസും തമ്മിലുള്ള കയ്യാങ്കളിയാണ്. അതും നടു റോഡില്‍ കിടന്ന്.ബീഡി വലിക്കണം എന്നും വാങ്ങി തരണമെന്നും പ്രതി. തരില്ലെന്നും ജയിൽ ചെന്നാൽ മണം വന്നാലും എന്റെ പണി പോകും എന്നു പോലീസുകാരനും. എന്നാൽ കടയിൽ നിന്നും ഞാൻ ബീഡി പണമില്ലാതെ ഒരെണ്ണം വാങ്ങിക്കട്ടേ എന്നായി പ്രതി. അതും പറ്റില്ലെന്ന് പോലീസ്. ബീഡി ചോദിച്ചപ്പോൾ നീ ഇത്രക്കായോ എന്ന് ചോദിച്ച് പ്രതി പോലീസുകാരനിട്ട് ചാടി അടിച്ചു. പിന്നെ പൊരിഞ്ഞ അടിയായി നടു റോഡിൽ. ഒടുവല്‍ അക്രമാസക്തനായ പ്രതിയെ കൂടതല്‍ പോലീസുകാര്‍ എത്തിയ ശേഷം ബലം പ്രയോഗിച്ചാണ് കീഴടക്കിയത്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ റിമാന്‍ഡ് തടവുകാരന്‍ ആയ പത്തനംതിട്ട വെട്ടിപ്പുറം സ്വദേഷി ഷാജഹാന്‍ എന്ന 38കാരന്‍ ആണ് മൂവാറ്റുപുഴ പോലീസുമായി നടു റോഡില്‍ കിടന്ന് തല്ല് പിടിച്ചത്. ഇന്നലെ രാവിലെ കേസിന്റെ അവധിക്ക് മൂവാറ്റുപുഴ കോടതിയില്‍ ഷാജഹാനെ ഹാജരാക്കിയ ശേഷം തിരികെ ജയിലിലേക്ക് കൊണ്ടു പോകുന്ന വഴി കച്ചേരി താഴത്തായിരുന്നു സംഭവം ഉണ്ടായത്. രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിക്ക് ഒപ്പം ഉണ്ടായിരുന്നത്. കാല്‍ നടയായി സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് പോകും വഴി സമീപത്തെ പെട്ടിക്കടയില്‍ നിന്നും ബീഡി വാങ്ങാന്‍ പ്രതി ശ്രമിച്ചു. ഇതോടെയാണ് സംഘര്‍ഷങ്ങള്‍ക്കും പ്രശ്‌നത്തിനും തുടക്കം കുറിച്ചത്.

ജയിലില്‍ നിരോധനം ഉള്ളതിനാല്‍ ബീഡി വാങ്ങാന്‍ അനുവദിക്കില്ല എന്ന് ഒപ്പം ഉണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ഇത് വക വയ്ക്കാതെ പ്രതി കടയിലേക്ക് കയറി. പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കടയില്‍ നിന്നും ബീഡി വാങ്ങിയ പ്രതി പണം നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രതിയെ അടക്കാന്‍ ആകില്ലെന്ന് മനസിലാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ മൂവാറ്റുപുഴ പോലീസിന്റെ സഹായം തേടി. ഉടന്‍ തന്നെ എയ്ഡ് പോസ്റ്റില്‍ നിന്നും സ്റ്റേഷനില്‍ നിന്നും ആയി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ എത്തി. പോലീസ് വാഹനത്തില്‍ കയറാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചെങ്കിലും യാതൊരു കാര്യവും ഉണ്ടായില്ല. താന്‍ ജയിലിലേക്ക് പൊക്കോളാം എന്നായിരുന്നു പ്രതി പറഞ്ഞത്.

പോലീസുകാരെ തള്ളിമാറ്റി മുന്നോട്ടു നീങ്ങിയ പ്രതിയെ ഏറെ നേരത്തെ പിടിവലിക്ക് ഒടുവില്‍ ആണ് പോലീസ് വാഹനത്തില്‍ കയറ്റാന്‍ സാധിച്ചത്. തുടര്‍ന്ന് മൂവാറ്റുപുഴ സ്റ്റേഷനില്‍ എത്തിച്ച് പോലീസിനെ ആക്രമിക്കല്‍, കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് മറ്റൊരു കേസെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. മോഷണക്കേസ് പ്രതിയായി മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയെ ഷാജഹാന്‍ 2019 ഒക്ടോബര്‍ 16 ന് മൂന്നു വാര്‍ഡന്‍മാരെ ഇഷ്ടികയ്ക്ക് എറിഞ്ഞ് പരുക്കേല്‍പ്പിച്ചിരുന്നു. തൊടുപുഴ, കാഞ്ഞിരപ്പള്ളി തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ ക്രിമിനല്‍ കേസുണ്ട്. മിക്കപ്പോഴും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ആയിരിക്കും ചില പ്രതികളെയുമായി പോകുന്നത്. ബസുകളില്‍ ഇത്തരം പ്രതികളുമായി പോകുന്ന പോലീസുകാരും ഉണ്ട്. കസ്റ്റഡിയിൽ അവരെ സൂക്ഷിക്കാൻ. നിയമം അനുസരിച്ച് പോലീസ് ജോലി ചെയ്താൽ പ്രതികൾക്ക് ഭക്ഷണം, മരുന്ന്, കൃത്യമായ ഉറക്കം, കുളി, വസ്ത്രം ഇതെല്ലാം സുരക്ഷിതമായി ഉറപ്പുവരുത്തണം.