പ്രതി പോലീസ് സ്റ്റേഷനിൽ നിന്നും ഇ പോസ് മെഷീൻ മോഷ്ടിച്ചു

പത്തനംതിട്ട. കൊടുമൺ പോലീസ് സ്‌റ്റേഷനിൽ മോഷണം. മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി സ്‌റ്റേഷനിൽ നിന്ന് 20000 രൂപ വിലവരുന്ന ഇ പോസ് മെഷീൻ മോഷ്ടിച്ചു. അടൂർ സ്വദേശി എബി ജോണിനെ (28) സംഭവത്തിൽ പോലീസ് പിടികൂടിയെങ്കിലും മെഷീൻ ലഭിച്ചിട്ടില്ല. ജനുവരി 27നായിരുന്നു മോഷണം.

പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയായിരുന്നു എബി ജോൺ. മദ്യലഹരിയിലായിരുന്ന ഇയാൾ പോലീസിനെ കബളിപ്പിച്ച് ഇ പോസ് മെഷീനുമായി സ്ഥലം വിടുകയായിരുന്നു. ഇയാളെ പിടികൂടാനായെങ്കിലും മെഷീൻ നിലവിൽ ലഭിച്ചിട്ടില്ല. വഴിയിലെവിടെയോ ഉപേക്ഷിച്ചതായാണ് ഇയാൾ മൊഴി നൽകിയത്.

ഇയാൾ പറഞ്ഞ സ്ഥലത്ത് പോലീസ് അന്വേഷിച്ചെങ്കിലും മെഷീനുള്ളിലുണ്ടായിരുന്ന പേപ്പർ കടലാസ്സുകൾ മാത്രമാണ് ലഭിച്ചത്.