ഞാൻ തള്ളി, അവൻ വീണു, ചോദ്യം ചെയ്യലിൽ കൂസലില്ലാതെ പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

തൃശൂർ: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒഡീഷ സ്വദേശിയായ രജനീകാന്തയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ കൂസലില്ലാതെയായിരുന്നു പ്രതിയുടെ പ്രതികരണം. ‘ഞാൻ തള്ളി, അവൻ വീണു’ എന്നാണ് ആർപിഎഫ് ചോദ്യം ചെയ്യലിനിടെ പ്രതി പറഞ്ഞത്.

പ്രതിയുടെ മൊഴി വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. തന്നെ ഒഡീഷയിലേക്ക് കൊണ്ടുപോകൂ എന്നാണ് ചോദ്യം ചെയ്യലിനിടെ പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പ്രതിയെ തൃശൂരിലേക്ക് കൊണ്ടുപോയത്. കുന്നംകുളത്തെ വിക്ടറി പാർക്ക് എന്ന ബാറിലെ ക്ലീനിങ് തൊഴിലാളിയായിരുന്നു രജനീകാന്ത. ഇന്നലെ മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. രണ്ട് മാസം മുമ്പാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്.

കൊല്ലപ്പെട്ട റെയിൽവേ ടിക്കറ്റ് എക്‌സാമിനർ വിനോദിന്റെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുക. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതി രജനികാന്തയെ സംഭവസ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.