ഹെലികോപ്റ്റര്‍ കണ്ടാല്‍ മുട്ടുവിറയ്ക്കുന്നവര്‍ കണ്ടു പഠിക്കൂ ;99 ാം വയസിലും പയറുപോലെ ഹെലികോപ്റ്ററിൽ കയറി വയോധിക

തിരുവല്ല : കേരളം പ്രളയക്കെടിയിൽ വലഞ്ഞപ്പോഴും സൈനിക ഹെലിക്കോപ്റ്റർ രക്ഷാപ്രവർത്തനത്തിനായി എത്തിയപ്പോൾ പേടിച്ച് മാറി നിന്നവർ കുറവല്ല. ഹെലികോപ്റ്ററിൽ കയറാൻ മടിച്ച് നിൽക്കുന്നവർക്ക് ഒരു പാഠമാണ് അച്ചാമ്മ ഡാനിയേൽ എന്ന ഈ 99കാരി. ദുരന്ത മുഖത്ത് നിന്നും രക്ഷ നേടാനായി ഹെലികോപ്റ്ററിൽ കയറാൻ അച്ചാമ്മ കാട്ടിയ ധൈര്യം ഏവർക്കും പ്രചോദനമാണ്.

ഇന്നലെ രാവിലെ ഒൻപതരയോടെയാണു വെൺപാലയിൽനിന്ന് അച്ചാമ്മ ഡാനിയേലിനെയും ബന്ധുക്കളായ രണ്ടു സ്ത്രീകളെയും വ്യോമസേന രക്ഷിച്ചത്. വെൺപാലയിലെ അച്ചാമ്മയുടെ വീടിനു തൊട്ടടുത്തുവരെ താഴ്‌ന്നെത്തിയ ഹെലികോപ്റ്ററിലേക്ക് അച്ചാമ്മയെ ബെൽറ്റിട്ട് ഉയർത്തിയശേഷം വ്യോമസേനാംഗം കോരിയെടുത്താണ് അകത്തേക്കു കയറ്റിയത്. തിരുവല്ല മാർത്തോമ്മാ കോളജിൽ ഇവരെ സുരക്ഷിതമായി ഇറക്കി.

വ്യോമസേനാംഗം അച്ചാമ്മയെ കൈകളിലടുത്താണു കോളജിലെ ക്യംപിലെത്തിച്ചത്. ‘ഇവിടെയെത്തിയതുപോലും അറിഞ്ഞില്ല… എന്നോട് ഒന്നും ചോദിക്കാതെ കോരിയെടുത്ത് ഹെലികോപ്റ്ററിൽ കയറ്റി..’ അച്ചാമ്മ മനസ് നിറഞ്ഞ് പറയുന്നു.