ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലനെ എക്‌സൈസ് പൊക്കി, പിടിച്ചെടുത്തത് മാരക ലഹരി മരുന്നുകള്‍

കൊച്ചി: ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പോളി ചിത്രത്തില്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ എത്തിയിട്ടുള്ള നടനെ മാരക ലഹരി മരുന്നുമായി പിടികൂടി. തൃക്കാക്കര സ്വദേശി കാവുങ്കല്‍കാവ് വീട്ടില്‍ പ്രസാദ് ആണ് അറസ്റ്റിലായത്. 40 വയസാണ് പ്രായം. എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് നോര്‍ത്തിലെ പരമാര റോഡില്‍ നിന്നും മാരക ലഹരിമരുന്നുകളുമായി പ്രസാദിനെ പിടികൂടിയത്.

പ്രസാദില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ കണ്ട് എക്‌സൈസ് സംഘം പോലും ഞെട്ടി. 2.5 ഗ്രാം ഹാഷിഷ് ഓയില്‍, 0.1 ഗ്രാം ബ്രൂപിനോര്‍ഫിന്‍, 15 ഗ്രാം കഞ്ചാവ് മാരാകായുധമായ വളയന്‍ കത്തി എന്നിവ ഇയാളില്‍നിന്ന് കണ്ടെടുത്തു. ഇയാള്‍ക്കെതിരെ നര്‍ക്കോട്ടിക്ക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് വകുപ്പ് പ്രകാരം കേസെടുത്തു. ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്.

ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നി സിനിമകളിലാണ് പ്രസാദ് വില്ലന്‍ വേഷം അവതരിപ്പിച്ചത്. റെയ്ഡില്‍ സിഐ അന്‍വര്‍ സാദത്ത്, പ്രീവന്റീവ് ഓഫിസര്‍ രാംപ്രസാദ്, സിഇഒമാരായ റെനി ജെയിംസ് സിദ്ധാര്‍ഥ്, ദീപു, ഡ്രൈവര്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു.