വിവാഹം ആഘോഷിക്കുന്നില്ലെന്ന തീരുമാനവുമായി നടന്‍ മണികണ്ഠന്‍ ആചാരി

ലോകമാസകലം കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഏപ്രിലില്‍ നടക്കാനിരുന്ന തന്റെ വിവാഹം ആര്‍ഭാടങ്ങളില്ലാതെ നടത്തുമെന്ന് നടന്‍ മണികണ്ഠന്‍ ആചാരി. ഏപ്രില്‍ 26 നാണ് മണികണ്ഠന്റെ വിവാഹം നിശ്ചയച്ചിരിക്കുന്നത്. ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തില്‍ ചടങ്ങുമാത്രമായി വിവാഹം നടത്തുമെന്ന് മണികണ്ഠന്‍ പറഞ്ഞു. ആഘോഷം എന്നു വേണെങ്കിലും ആകാം. ലോകം മുഴുവനും ഭീതിയോടെയിരിക്കുമ്പോള്‍, ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ വ്യക്തിപരമായി ആഘോഷിക്കുന്നത് ശരിയല്ല.

ഏപ്രില്‍ 26ാം തിയതിയാണ് മുഹൂര്‍ത്തം. ആ മുഹൂര്‍ത്തത്തില്‍ ചടങ്ങ് ചെയ്യാമെന്നാണ് തീരുമാനം’ എന്ന് മണികണ്ഠന്‍ പറഞ്ഞു.എല്ലാം പൂര്‍ണമായി മാറിയാല്‍ മാത്രമേ കല്ല്യാണത്തിന്റെ ആഘോഷങ്ങള്‍ നടത്തുകയുള്ളൂ എന്നും നടന്‍ അറിയിച്ചു.

കമ്മട്ടിപ്പാടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടനാണ് മണികണ്ഠന്‍ ആചാരി. സിനിമാപാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാത്ത ദരിദ്രകുടുംബത്തില്‍ നിന്നും സിനിമയിലെത്തി കഴിവ് തെളിയിച്ച മണികണ്ഠന്‍ ഇപ്പോള്‍ സിനിമകളില്‍ സജീവസാന്നിധ്യമാണ്. സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം താരം നേടിയെടുത്തത് അടുത്തയിടക്കാണ്. തൃപ്പൂണിത്തുറയ്ക്കടുത്ത് എരൂരിലാണ് മണികണ്ഠന്റെ പുതിയ വീട്. ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ വിവാഹാഘോഷവും കോവിഡ് 19 മൂലം മാറ്റിവെച്ചിരുന്നു.