അച്ഛനെത്ര വേദനിച്ചുകാണും എന്നോര്‍ത്ത് എന്റെ കണ്ണുനിറഞ്ഞു; സൈജു കുറുപ്പ്

നായകനായും സ്വഭാവ നടനായുമൊക്കെ പ്രക്ഷേക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സൈജു കുറുപ്പ്. കഴിഞ്ഞ പതിനാല് വര്‍ഷം കൊണ്ട് നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. മയൂഖം, ട്രിവാന്‍ഡ്രം ലോഡ്ജ് പോലുള്ള നിരവധി സിനിമകളിലെ കഥാപാത്രങ്ങള്‍ ഇന്നും പ്രക്ഷകരുടെ മനസില്‍ മായാതെ കിടക്കുന്നുണ്ട്. രണ്ട് കൊല്ലം മുമ്പാണ് സൈജു കുറിപ്പിന്റെ അച്ഛന്‍ മരിച്ചത്. വനിത ഫിലിം അവാര്‍ഡ്‌സില്‍ മികച്ച കൊമേഡിയനുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ വേദിയില്‍ വെച്ച് ആ അവാര്‍ഡ് ഞാന്‍ അച്ഛനാണ് സമര്‍പ്പിച്ചത്. അതിന്റെ വീഡിയോ യൂട്യൂബില്‍ വന്നപ്പോള്‍ അതിനുതാഴെ വന്നൊരു കമന്റാണ് എന്നെ പഴയൊരു സംഭവം ഓര്‍മിപ്പിച്ചത്. ‘സൈജുകുറപ്പിന്റെ അച്ഛനെ കുറിച്ച് ഒരു പഴയ ഓര്‍മ. ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ആണ് സൈജു കുറുപ്പ് നായകനായി ‘ജൂബിലി’ എന്ന സിനിമ വരുന്നത്.

ഒരു ദിവസം ആ ചിത്രത്തിന്റെ ബ്രോഷറുമായി ഒരു ചേട്ടന്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ അടുത്ത് വന്നു. ‘ഇവന്റെയൊക്കെ സിനിമ ആരെങ്കിലും കാണുമോ, ചേട്ടന് വേറെ പണിയില്ലേ’ എന്ന് ചോദിച്ചു ഞാന്‍. അയാള്‍ ഒന്നും പറയാതെ പോയി. അപ്പോള്‍ ആരോ പറഞ്ഞു, അത് സൈജു കുറുപ്പിന്റെ അച്ഛനാണെന്ന്.അതായത് മകനേ വലിയ നടൻ ആക്കാൻ ഒരു പിതാവ് നടത്തിയ നീക്കം ആയിരുന്നു അത്. മകൻ പോലും അറിയാതെ സ്വന്തം മകൻ അഭിനയിച്ച ചിത്രത്തിന്റെ നോട്ടീസ് വിതരണം…

ഞാന്‍ പെട്ടെന്ന് സോറി പറഞ്ഞു. സൈജു കുറുപ്പ് ഇന്ന് മലയാളത്തിലെ ഒരു മികച്ച നടനാണ്, അദ്ദേഹത്തെ ഓര്‍ത്ത് ഞാനഭിമാനിക്കുന്നു. ആശംസകള്‍ ചേട്ടാ. അദ്ദേഹത്തിന്റെ അച്ഛന്‍ വളരെ സ്‌നേഹമുള്ളൊരു വ്യക്തിയായിരുന്നു,’- ഇതായിരുന്നു ആ കമന്റ്.

അതു വായിച്ചപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു, ആ സിനിമ ഇറങ്ങിയ സമയത്ത് എനിക്കോര്‍മയുണ്ട്. നാട്ടിലൊക്കെ അതിന്റെ ബ്രോഷര്‍ വിതരണം ചെയ്യാന്‍ ഒരാളെ ഏല്‍പ്പിക്കാന്‍ ഞാനച്ഛനോട് പറഞ്ഞിരുന്നു. ഇപ്പോഴാണ് മനസ്സിലായത്, അതിന് ആളെ ഏര്‍പ്പാടാക്കിയതിനൊപ്പം കുറച്ചു ബ്രോഷറുകള്‍ അച്ഛന്‍ തന്നെ നേരിട്ട് വിതരണം ചെയ്തിരുന്നു എന്ന്. അന്ന് ഇങ്ങനെയൊരു കാര്യം നടന്നിട്ടുണ്ടെങ്കില്‍ അച്ഛനെത്ര സങ്കടമായി കാണും എന്നോര്‍ത്തപ്പോള്‍ വേദന തോന്നി. ഇതു പോലുള്ള സങ്കടങ്ങള്‍ ഒന്നും അച്ഛന്‍ എന്നോട് പറഞ്ഞിരുന്നില്ല. ഞാന്‍ രക്ഷപ്പെട്ടു കാണണമെന്ന ആഗ്രഹവും പ്രാര്‍ത്ഥനയുമായിരുന്നു അച്ഛനെന്നും.