Home entertainment മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ച ചിത്രം ഞാന്‍ ചെയ്യേണ്ട സിനിമയായിരുന്നില്ല, തുറന്ന് പറഞ്ഞ് ജലജ

മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ച ചിത്രം ഞാന്‍ ചെയ്യേണ്ട സിനിമയായിരുന്നില്ല, തുറന്ന് പറഞ്ഞ് ജലജ

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ജലജ. വാണിജ്യ സിനിമകളേക്കാള്‍ സമാന്തര സിനിമകളിലൂടെയാണ് ജലജ പ്രേക്ഷകരുടെ മനം കവര്‍ന്നത്. നടിമാരുടെ പല രൂപ ഭംഗിയില്‍ നിന്നും മാറി ജലജയിലൂടെ മറ്റൊരു നായിക മുഖത്തെ അവതരിപ്പിച്ചപ്പോള്‍ ആ കാലഘട്ടത്തില്‍ ശാരദ എന്നായിരുന്നു ജലയ്ക്ക് കിട്ടിയ വിളിപ്പേര്. ഇപ്പോള്‍ തനിക്ക് അംഗീകാരം ലഭിച്ച മലയാളത്തിലെ രണ്ട് ക്ലാസിക് സിനിമകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

ചില്ല് എന്ന ചിത്രവും മര്‍മ്മരവും താന്‍ അഭിനയിക്കാന്‍ നിശ്ചയിച്ചിരുന്നതല്ലെന്നാണ് ജലജ പറയുന്നത്. ചില്ല് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം തന്നെ തേടിയെത്തിയെന്ന് നടി പറയുന്നു. മര്‍മ്മരം മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക് ചിത്രം ആയിരുന്നു എന്നും നടി പറയുന്നു. രണ്ട് ചിത്രങ്ങളും താന്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞതാണ് എന്നാല്‍ പിന്നീട് താന്‍ അതില്‍ എത്തിപ്പെടുകയായിരുന്നു എന്നും താരം പറയുന്നു.

ജലജയുടെ വാക്കുകള്‍ ഇങ്ങനെ, ‘ ‘മര്‍മ്മരവും’, ‘ചില്ലും’ എന്നില്‍ നിന്ന് അകന്നു പോയ സിനിമയായിരുന്നു. ‘ചില്ല്’ എനിക്ക് വന്ന സിനിമയേ അല്ലായിരുന്നു. മറ്റൊരു ആര്‍ട്ടിസ്റ്റ് ചെയ്യാനിരുന്ന സിനിമയായിരുന്നു. പക്ഷേ പിന്നീട് അത് എന്നിലേക്ക് വരികയും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം എനിക്ക് സമ്മാനിക്കുകയും ചെയ്തു. പരീക്ഷയുടെ തിരക്കായത് കൊണ്ട് ‘മര്‍മ്മരം’ എന്ന സിനിമ ഞാന്‍ ചെയ്യുന്നില്ല എന്ന് പറഞ്ഞതാണ്. പക്ഷേ ആ സിനിമ നീണ്ടുപോയി. അതിലെ നായികയ്ക്ക് എന്തോ അസൗകര്യം വന്നതായിരുന്നു കാരണം. പിന്നീട് ആ സിനിമയും എനിക്ക് ചെയ്യാന്‍ കഴിഞ്ഞു .മലയാളത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലാസിക് സിനിമകളില്‍ ഞാന്‍ അഭിനയിക്കണം എന്നത് ആരോ നേരത്തെ തീരുമാനിച്ചതായിരിക്കും’.